പ്രണയം ജീവിതം,പ്രണയനഷ്ടം മരണവും....

Saturday, April 12, 2014

ഓർമ്മകൾക്കെന്തു സൌരഭ്യം -2

ഞെട്ടി ഉണര്‍ന്നത് വിയര്‍ത്തു മുങ്ങിയാണ്.എന്തോ ദുസ്വപ്നം കണ്ടു.തൊണ്ട വരണ്ടിരിക്കുന്നു. പതിവുപോലെ കട്ടിലിനടിയിലേക്ക്‌ കൈനീട്ടി.വെള്ളം നിറച്ച ജഗ്ഗ് കാണാനില്ല. ആകെ ഒരു വിഭ്രാന്തി. ഞാന്‍ എവിടെയാണ്! സമയം എന്തായിക്കാണും?തലയിണക്കടിയില്‍ തപ്പി നോക്കി.ഭാഗ്യം, മൊബൈല്‍ ഫോണ്‍ അവിടെ തന്നെയുണ്ട്‌.സമയം രണ്ടര.പെട്ടന്നാണ് മൊബൈല്‍ ഫോണിലെ ടവര്‍ നാമം ശ്രദ്ധിച്ചത്.
ഇപ്പോഴോര്‍മ്മ വരുന്നു. ഇന്നലെ വൈകുന്നേരം ഇവിടെ എത്തിയതാണ് ,
കടലിനഭിമുഖമായി നിൽക്കുന്ന സീ വ്യൂ റിസോര്‍ട്ടിൽ .
കണ്ട സ്വപ്നം ഓര്‍മ്മിച്ചെടുക്കാന്‍ നോക്കി. ഇല്ല, ഒന്നും വ്യക്തമായി ഓര്‍മ്മ വരുന്നില്ല.
 

ജനല്‍ തുറന്നു.തണുത്ത കാറ്റിനൊപ്പം കടലിന്റെ ശബ്ദവും മുറിയിലേക്ക് അടിച്ചു കയറി. 
നിലാവ് കാര്യമായിട്ടില്ല.കറുത്തപക്ഷത്തിന്റെ മധ്യമാണെന്നു തോന്നുന്നു.നാട്ടുവെളിച്ചത്തില്‍ ആകാശവും കടലും പരസ്പരം വേര്‍തിരിക്കാന്‍ ആവാതെ ഒന്നായതു പോലെ.
തണുപ്പേറ്റ് മൂക്ക് അടയുന്നുണ്ട്‌.കമ്പിളി ഷാള്‍ എടുത്തു തലവഴി മൂടി ജനാലക്കരികെ കസേര വലിച്ചിട്ടിരുന്നു.

തിരകള്‍ ഒന്നിനു പിന്നാലെ ഒന്നായി അടിച്ചു കയറുന്നു. 
എത്രപെട്ടന്നാണ്‌ ഓർമ്മകൾ വർഷങ്ങൾക്കു പിറകിലേക്ക് പോയത് ! പണ്ട് ബ്ലോഗില്‍ എഴുതിയ വരികള്‍ ഓർമ്മയിലെത്തി :
സ്വന്തം പ്രേമിയായ കരയെ കണ്ടു മടങ്ങുന്ന കടല്‍, തെല്ലുദൂരം ചെല്ലുമ്പോള്‍ വിരഹം താങ്ങാനാവാതെ വീണ്ടും കരയെ തേടി ഓടിയെത്തി കെട്ടിപ്പുണരുന്നു.കാലാതിവര്‍ത്തിയായി തുടരുന്നൂ ഈ പ്രണയവും വിരഹവും പുന: സമാഗമവും...
അദ്ദേഹത്തോടൊപ്പം ഇതുപോലൊരു കടലോര റിസോർട്ടിൽ അസ്തമയം കണ്ടുനിന്നത് ഇന്നലെയെന്നപോലെ ഓർമ്മയിലെക്കോടിയെത്തി .
കടല്‍ക്കരയില്‍ ഓരം ചേര്‍ന്ന്‌ കിടക്കുന്ന ചെറിയ ജലാശയം. അത്‌ പുഴയാണെന്നും കടലില്‍ നിന്ന് അകറ്റിയതിന്റെ ദുഖത്താല്‍ വിരഹിണിയാണ് അവളെന്നും പറഞ്ഞു തന്നപ്പോള്‍ അദ്ദേഹം അന്ന് വാചാലനായി. വിരഹം താങ്ങാനാവുന്നതിലും അധികമാകുമ്പോള്‍ മണല്‍ത്തിട്ട വകവയ്ക്കാതെ പുഴ തന്റെ പ്രേമേശ്വരനായ കടലിലേക്ക്‌ ഒഴുകി ഇറങ്ങുമെന്ന് പറഞ്ഞപ്പോള്‍ ചുറ്റിലും കാണുന്ന മനുഷ്യരിലും ജീവ ജാലങ്ങളിലും പ്രകൃതിയിലും സര്‍വ്വം പ്രണയം ദര്‍ശിക്കുന്ന അദ്ദേഹത്തിന്റെ കാല്പനികതയാണ് ഇതും എന്നേ കരുതിയുള്ളൂ. എന്നാല്‍ സന്ധ്യക്ക്‌ ആ ഒന്നാകലിനു സാക്ഷ്യം വഹിക്കാനായപ്പോള്‍ സന്തോഷംകൊണ്ടു ഞാന്‍ പ്രായം പോലും മറന്ന് ആര്‍ത്തു വിളിച്ചു. ഇപ്പോഴെന്തായീ എന്ന മട്ടില്‍ എന്നെ നോക്കി തുറന്നു ചിരിച്ചു കൊണ്ട്‌ അദ്ദേഹം എന്റെ ആവേശത്തില്‍ കൂട്ടു ചേർന്നു .കടലിനെ നോക്കി അര്‍ദ്ധഗര്‍ഭമായി ചിരിക്കുമ്പോള്‍ പ്രേമികളെ ആര്‍ക്കും അധികകാലം തടുത്തു നിര്‍ത്താനാവില്ലെന്ന് അദ്ദേഹം പതുക്കെ പറയുന്നുണ്ടായിരുന്നു.
അത്രനേരം റിസോര്‍ട്ടിലെ സന്ദര്‍ശകര്‍ കടല്‍കാറ്റാസ്വദിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും നടന്നിരുന്ന മണല്‍ത്തിട്ട നിമിഷ നേരം കൊണ്ട്‌ അടര്‍ന്നു വീഴുന്നതും പുഴയും കടലും തമ്മില്‍ ബന്ധിപ്പിച്ച നേര്‍ത്ത നീര്‍ചാല്‍ പരന്നു വലുതാകുന്നതും നോക്കി നില്‍ക്കുമ്പോള്‍ ഉള്ളം സന്തോഷം കൊണ്ട്‌ വിങ്ങുകയായിരുന്നു.
ഇപ്പോള്‍ ആ അഴിമുഖം എങ്ങനെയുണ്ടാകും ? ‌പുഴയും കടലും ഇപ്പോഴും ഒന്നായലിഞ്ഞു കിടക്കുകയാവുമോ? അതോ രഹസ്യ സന്ദര്‍ശനത്തിനു ശേഷം മറ്റാരുമറിയാതെ രണ്ടുപേരും വീണ്ടും മണല്‍ത്തിട്ടിന് ഇരുപുറവുമായി അകന്നു കഴിയുകയാവുമോ?
അതെല്ലാം വർഷങ്ങൾക്കു മുമ്പായിരുന്നു എന്ന് വിശ്വസിക്കാനാവുന്നില്ല.

Tuesday, February 5, 2013

ഒറ്റച്ചിറകുള്ള പക്ഷി

ഓര്‍മ്മതന്‍ നേര്‍ത്തൊരു
അലപോലുമിളകാത്ത
മറവിതന്‍ കട്ടിക്കരിമ്പടത്താല്‍ മൂടി
നിന്റെലോകത്തുനിന്നെന്നെ
പ്പുറത്താക്കി
എങ്ങോട്ടുപോയി നീ,
എന്നെത്തനിച്ചാക്കി ?


സ്വപ്‌ന,മോഹങ്ങള്‍
ഒന്നിച്ചു പങ്കിട്ട  

ബാല്യ കൌമാരങ്ങളെന്നേ
കഴിഞ്ഞുപോയ്‌.


ചിരിച്ചും കരഞ്ഞും ഒന്നിച്ചുറങ്ങിയും മൂന്നു ദശാബ്ദങ്ങ-
ളൊന്നായ് ക്കഴിഞ്ഞു നാം.

രണ്ടു ചിറകുകളൊന്നിച്ചു ചേര്‍ത്തു നാം
പാരതന്ത്ര്യത്തിന്റെ വേലികള്‍
ഖണ്ഡിച്ചു .


വീഴ്ചയില്‍ താങ്ങായു-
യുര്‍ച്ചയില്‍ കൂട്ടായി
ഓരോ ചുവടിലു-
മൊന്നായ് നടന്നു നാം.

നിത്യ സൌഹാര്‍ദ്ദത്തിന്‍
നേരടയാളമായ്
നമ്മള്‍ തിളങ്ങീ,
നമിച്ചു ലോകം നമ്മെ.
 

ഒടുവിലൊരു നാളി-
ലെല്ലാം മറന്നു നീ
എന്നെച്ചവിട്ടിക്കടന്നുപോയ്
നിര്‍ദ്ദയം !

ഇടനെഞ്ചിലൊരു കൊട്ട
ക്കനല്‍ കോരിയിട്ടിട്ട്

ചൂടകറ്റാനായി വിശറിയാല്‍ വീശുന്നു.
 

നെഞ്ചകം പൊള്ളി
പ്പിടയുന്നതു കണ്ടു

തീകെടുത്താനായി
എണ്ണ നനക്കുന്നു !
 

പാതി പിന്നിട്ടൊരീ
ജീവിതപ്പാതയില്‍
ലക്ഷ്യമറിയാതുഴറി
നില്‍ക്കുന്നു ഞാന്‍ .
 

നെഞ്ചിലെരിയുന്ന കനലിനെ
ചിരികൊണ്ടു മൂടീട്ട്
എല്ലാം തണുത്തെന്നു
വെറുതെ നടിക്കുന്നു,

ഒറ്റച്ചിറകിനാല്‍ തപ്പിത്തടഞ്ഞു
പറക്കാന്‍ ശ്രമിക്കുന്നു, 

ഞാന്‍ വീണു പിടയുന്നൂ...

കാലചക്രത്തിന്‍
ഭ്രമണം  നിലച്ചെങ്കില്‍
സൂര്യ ചന്ദ്രന്മാര്‍
ഉദിക്കാതിരുന്നെങ്കില്‍
ഭൂമി കുറച്ചിടെ
പിന്നോട്ടു ചലിച്ചെങ്കില്‍
പോയകാലങ്ങള്‍
തിരിച്ചു ലഭിച്ചെങ്കില്‍ ....
------------------------------
-----

Saturday, January 26, 2013

ഓര്‍മ്മകള്‍ക്കെന്തു സൌരഭ്യം....

ചാമുണ്ടി ഹില്ലിലേക്കു മെല്ലെ കയറുമ്പോള്‍ കാറിന്റെ  ചില്ല് പകുതി താഴ്ത്തി. തണുത്ത കാറ്റിന്റെ വിരലുകള്‍ എന്റെ മുടിയിഴകളില്‍ കുസൃതി കാട്ടിയപ്പോള്‍ കാറ്റുപോലും നിന്നെ തഴുകുന്നത് എനിക്ക് സഹിക്കില്ല എന്ന് ചെവിയില്‍ മന്ത്രിച്ചു നീ ചില്ലുയര്‍ത്തി. ആ സ്വാര്‍ഥതയുടെ മധുരം നുകര്‍ന്നുകൊണ്ട് ഞാനന്ന് രോമക്കുപ്പായമെടുത്ത് നിന്നെ പുതപ്പിക്കുന്നതില്‍ ശ്രദ്ധിച്ചു. കാര്‍ പാര്‍ക്കുചെയ്ത്, കുന്നിന്റെ നെറുകയില്‍ അന്യഭാഷക്കാരായ തീര്‍ഥാടകരുടെ ഇടയിലൂടെ സ്വാതന്ത്ര്യത്തിന്റെ മധു നുകര്‍ന്നുകൊണ്ട് കൈകള്‍ പരസ്പരം കോര്‍ത്ത് നടക്കുമ്പോഴാണ് ചെറുപ്പക്കാരിയായ അമ്മയും മിടുക്കരായ രണ്ടാണ്‍ മക്കളും ചേര്‍ന്ന് നടത്തുന്ന ചായപ്പീടിക കണ്ണില്‍ പെട്ടത്. ചൂട് ചായയും മുളക് ബജ്ജിയും കഴിക്കുന്നതിനിടയില്‍ നീ അവരുടെ പേരും വിവരങ്ങളും ചോദിച്ചറിഞ്ഞു. സമൂഹത്തില്‍ മറ്റുള്ളവര്‍ അകറ്റി നിര്‍ത്തുന്നവരോട് ചങ്ങാത്തം കൂടുന്നത് നിനക്ക് പണ്ടേ ഉള്ള ശീലമായിരുന്നല്ലോ.
മറ്റുള്ള തീര്‍ഥാടകര്‍ ദേവിയെ തൊഴാനും ഫോട്ടോക്ക് പോസുചെയ്യാനുമുള്ള തിരക്കിലായിരുന്നു.

സാന്ധ്യച്ചോപ്പില്‍ ഗോപുരത്തിന്റെ 
പ്രൗഢിയേറിയതായിതോന്നി . 
ലോകമാതാവിനെ വലം വച്ച്, ആളൊഴിഞ്ഞ ഒരിടം തേടി നമ്മള്‍ നടന്നു.  ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നിത്തുടങ്ങിയപ്പോള്‍ അതിലേറെ ദീപങ്ങള്‍ താഴെ മിഴിതുറന്നു. കുന്നിന്റെ മുകളില്‍ നിന്ന് താഴേക്കു നോക്കിയ ഞാന്‍  ആകാശം ഭൂമിയിലേക്കിറങ്ങി വന്നോ എന്ന് അത്ഭുതപ്പെട്ടു. നഗരം മുഴുവന്‍ ദീപാലംകൃതമായി ഏതോ ഉത്സവാഘോഷത്തിന് ഒരുങ്ങി നില്‍ക്കുന്ന പ്രതീതി!
ഉയര്‍ത്തിക്കെട്ടിയ കല്പടവുകളിലൊന്നില്‍ കൈകള്‍ പരസ്പരം കോര്‍ത്ത് അസ്തമയ സൂര്യനെ നോക്കി ഇരിക്കുമ്പോള്‍ സംസാരിച്ചിരുന്നില്ല എന്നത് നമ്മള്‍ പോലും അറിഞ്ഞിരുന്നില്ല. ഹൃദയങ്ങള്‍ ഒന്നായലിഞ്ഞാല്‍ അധരങ്ങള്‍ മൗനമാകുമെന്നു വിശ്വമഹാകവി പാടിയത് എത്ര സത്യം !
ഏറെ നേരത്തിനുശേഷം തിരക്കൊഴിഞ്ഞ ക്ഷേത്രത്തില്‍ കയറി ചാമുണ്ടീ ദേവിയെ ദര്‍ശിച്ച്, പ്രസാദമായി കിട്ടിയ പൊങ്കല്‍ ക്ഷേത്രാങ്കണത്തിലെ കരിങ്കല്‍ത്തറയിലിരുന്ന് ഭക്ഷിച്ച് പുറത്തിറങ്ങി, വളരെ പതുക്കെ കാറിനടുത്തെക്ക് നടക്കുമ്പോള്‍ പരിസരം വിജനമായിത്തുടങ്ങിയിരുന്നു. ചായക്കടക്കാരി ലക്ഷ്മിയും മക്കളും എപ്പോഴോ കടയടച്ചു പോയി. വീണ്ടും വരണം നമുക്ക് എന്ന് പരസ്പരം പറഞ്ഞ് കാര്‍ സ്റ്റാര്‌ട്ടാക്കി കുന്നിറങ്ങുമ്പോള്‍ ദേവി നമ്മെ അനുഗ്രഹിച്ചുകൊണ്ട് പോയിവരൂ എന്ന് പറയുന്നതായി തോന്നി.
ഇന്നലെ, നിന്റെ യാത്രാക്കുറിപ്പ് വായിച്ചപ്പോള്‍ ഞാന്‍ ഏറെ വര്‍ഷം പിറകോട്ടു മനസ്സുകൊണ്ടു യാത്രപോയി . നീ വീണ്ടും ചെന്നു ചാമുണ്ടീ ഹില്ലില്‍ , ഞാനില്ലാതെ...ആ കരിങ്കല്‍ കല്‍പ്പടവുകളിലിരുന്നപ്പോള്‍ പഴയ ഓര്‍മ്മകള്‍ ഒരു നിമിഷാര്‍ഥമെങ്കിലും നിന്റെയുള്ളിലും മിന്നിമറഞ്ഞു കാണില്ലേ !

Friday, October 15, 2010

യൂസ് ആന്‍റ് ത്രോ ...

"വൈകി വന്ന ഈ സ്വപ്ന പ്രണയത്തിന്റെ വര്‍ണ്ണ വസന്തങ്ങള്‍ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു.ഞാനിന്നു നക്ഷത്രങ്ങളെ നോക്കി നൃത്തം ചെയ്യുന്നു.നിന്റെ പ്രണയ ഗീതികള്‍ എന്നെ രാഗര്‍ദ്രയാക്കുന്നു. മേയ്ക്ക് ജിബ്രാന്‍ പോലെ ,ആതിയക്ക്‌ ഇക്ബാല്‍ പോലെ ...അവയെന്റെ ആത്മാവില്‍ സ്പര്‍ശിക്കുന്നു..."

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനെന്റെ ഡയറിയില്‍ കുറിച്ചിട്ട വരികള്‍ .അന്ന് മൊബൈല്‍ ഫോണോ ഈ മെയില്‍ സന്ദേശമയക്കാനുള്ള സൌകര്യങ്ങളോ നമുക്കിടയില്‍ ഇല്ലായിരുന്നല്ലോ.അതിനാല്‍ ആ സന്ദേശങ്ങള്‍ ഇപ്പോഴും ജീവനോടെ കടലാസ്സില്‍ കിടക്കുന്നു.

ഇന്നലെ സംസാരത്തിനിടയില്‍ നീ പറഞ്ഞത് പോലെ ജിബ്രാന്റെ കാലത്ത് മൊബൈല്‍ ഫോണില്‍ എസ് എം എസ് അയയ്ക്കാന്‍ സൌകര്യമുണ്ടായിരുന്നെങ്കില്‍ ജിബ്രാന്‍ മേയ്ക്കയച്ച ആ പ്രണയ ലേഖനങ്ങള്‍ ചരിത്ര താളുകളില്‍ ഉണ്ടാവുകയെ ഇല്ലായിരുന്നു. ഇന്ന് നമ്മള്‍ തമ്മില്‍ അയയ്ക്കുന്ന എത്ര എത്ര സന്ദേശങ്ങള്‍ ...അവയ്ക്ക് വായിക്കുന്ന ആ ക്ഷണനേരത്തെ ആയുസ്സ് മാത്രം.
ആധുനിക ലോകത്തിന്റെ സിദ്ധാന്തമായ 'use and throw' മറ്റെല്ലായിടത്തും പോലെ ഇവിടെയും .സന്ദേശങ്ങള്‍ വായിക്കുക,ഡിലീറ്റു ചെയ്യുക . ഒന്നിനും ഏറെ നേരത്തെ ആയുസ്സില്ല.
പ്രണയബന്ധങ്ങള്‍ക്കും ..

Tuesday, August 17, 2010

"കും കും യാ ഹബീബീ..."

"kum kum ya habibi.Annaum alal Ashiqi haramun! "

ഉച്ചമയക്കത്തില്‍ നിന്നും ഉണര്‍ന്നത് ഈ സന്ദേശത്തിന്റെ ശബ്ദം കേട്ടാണ് . ഉറുദു വിലുള്ള ഗസലിന്റെ വരികളാണ്. ഉറക്കപ്പിച്ചില്‍ വായിച്ചിട്ടൊന്നും മനസ്സിലാകുന്നില്ല . കണ്ണു വീണ്ടും അടച്ചു തുറന്നു നോക്കീ.താഴെ ഇന്ഗ്ലീഷിലും മലയാളത്തിലും എഴുതിയിട്ടുണ്ട് .

Awake,awake my beloved ...All form of sleep is out of bounds to the lover..

"ഉണരൂ , എഴുന്നേല്‍ക്കൂ പ്രിയേ ,അനുരാഗികള്‍ക്ക് നിദ്ര നിഷിദ്ധമല്ലോ ..."

പതിവില്ലാത്തതാണ് എനിക്കീ സമയത്തൊരു മയക്കം.എന്നിട്ടും ഞാനിവിടെ ഉറങ്ങുന്നത് ഇത്ര ദൂരെ ഇരിക്കുന്ന നീ എങ്ങിനെ അറിയുന്നു ?!

പ്രണയത്തിനു പ്രായമോ തളര്‍ച്ചയോ ബാധിക്കാത്തതുപോലെ അതിനു ദൂരമോ ദേശമോ പ്രശ്നമല്ല ...

Tuesday, August 10, 2010

പ്രണയ മൌനങ്ങളോടെ ശുഭരാത്രി...

ജനലഴികള്‍ക്കിടയിലൂടെ എന്നെ തഴുകാനെത്തുന്ന രാത്രിമഴയില്‍ മനസും ശരീരവും കുളിര്‍ത്ത്‌ , നീ എനിക്ക് സമ്മാനിച്ച ലാലുദ്ദീന്‍ റൂമിയുടെ 'മസ്നവി'യുടെ താളുകളില്‍ സ്വയം മറന്നിരിക്കുമ്പോള്‍ മൊബൈല്‍ ഫോണിലെ സന്ദേശപ്പക്ഷി ചിലച്ചു .

തുറന്നു
നോക്കാതെ തന്നെ എനിക്കറിയാമായിരുന്നു അത് നിന്റെ സന്ദേശമെന്ന് .

"രാത്രിമഴയുടെ ആര്‍ദ്രനിശ്വാസങ്ങള്‍ക്ക് ജന്മാന്തരങ്ങള്‍ക്കപ്പുറത്തുനിന്നുള്ള എന്‍ പ്രിയരാഗത്തിന്റെ ഈണം ...അമൃതവര്‍ഷിണി രാഗത്തില്‍ , എന്‍ പ്രിയയുടെ സ്വരത്തില്‍ ...പ്രണയ മൌനങ്ങളോടെ ശുഭരാത്രി..."

പ്രണയ മൌനങ്ങള്‍ ...അതേ , അധരങ്ങള്‍ മൌനിയാകുമ്പോള്‍ ഹൃദയങ്ങള്‍ക്കായിരം നാവുണരുന്നു . പ്രണയം മൌനത്തില്‍ അതിന്റെ ഔന്നത്യങ്ങളിലെത്തുന്നു .

എന്റെ ഹൃദയം മൌനമായോതുന്ന ഈ സന്ദേശം അങ്ങ് ദൂരെ നിന്നില്‍ എത്തുമെന്നെനിക്കുപ്പുണ്ട് .

"ശുഭരാത്രി ... "

Friday, August 6, 2010

വിരഹം,പ്രണയത്തിന്റെ പൂര്‍ണ്ണത

നീണ്ട ഏഴുദിവസങ്ങള്‍ക്കു ശേഷം ഇന്ന് വീണ്ടും ഈ ബ്ലോഗ്‌ എഴുതുമ്പോള്‍ എഴുതി നിര്‍ത്തിയ ഇടത്തുനിന്നും ഞാന്‍ ബഹുദൂരം പോന്നിരിക്കുന്നു. ഈ ഏഴു ദിവസങ്ങള്‍ തിരിച്ചറിവിന്റെ ദിനങ്ങളായിരുന്നു .

പ്രണയത്തില്‍ നഷ്ടങ്ങളും ലാഭങ്ങളും ഇല്ലെന്ന അനൂപിന്റെ അഭിപ്രായത്തെ പൂര്‍ണ്ണമായും പിന്താങ്ങുന്നു എന്ന് നീ . പ്രണയത്തെ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നത് അന്ധന്‍ ആനയെക്കണ്ടതുപോലെയാണെന്നും . ഓരോരുത്തരും അവരവരുടെ അനുഭവത്തിനനുസരിച്ച്‌ അതാണ്‌ പ്രണയമെന്നു നിര്‍വ്വചിക്കുന്നു. പ്രപഞ്ചത്തില്‍ നക്ഷത്രങ്ങളും നിലാവും പൂക്കളും കിളികളും ഋതുഭേദങ്ങളും ഉള്ളിടത്തോളം പ്രണയികളുടെ മനസ്സും അസ്വസ്ഥമായിക്കൊണ്ടേ ഇരിക്കും . വിരഹത്തിലാണ് പ്രണയം അതിന്റെ പൂര്‍ണ്ണഭാവത്തില്‍ അനുഭവിക്കാനാവുക ...നീ പറഞ്ഞു കൊണ്ടേ ഇരുന്നു .

ഒടുവില്‍ പതിവുപോലെ റൂമിയിലെത്തുകയും...

" യഥാര്‍ഥ അനുരാഗി ഏതെല്ലാം വഴികളിലൂടെ ചുറ്റിത്തിരിഞ്ഞാലും ഒടുവില്‍ അവന്റെ അനശ്വരയായ പ്രയഭാജനത്തിനടുത്തെത്തുക തന്നെ ചെയ്യും ..."

നീ ഇന്നലെ ഫോണില്‍ അയച്ച സന്ദേശം ഞാന്‍ മാച്ചുകളയാതെ സൂക്ഷിച്ചുവച്ചിരിക്കുന്നു

"I 'm not like de rain dat pours & goes away , bt 'm like de air ...not visible bt always in touch .."