പ്രണയം ജീവിതം,പ്രണയനഷ്ടം മരണവും....

Saturday, April 12, 2014

ഓർമ്മകൾക്കെന്തു സൌരഭ്യം -2

ഞെട്ടി ഉണര്‍ന്നത് വിയര്‍ത്തു മുങ്ങിയാണ്.എന്തോ ദുസ്വപ്നം കണ്ടു.തൊണ്ട വരണ്ടിരിക്കുന്നു. പതിവുപോലെ കട്ടിലിനടിയിലേക്ക്‌ കൈനീട്ടി.വെള്ളം നിറച്ച ജഗ്ഗ് കാണാനില്ല. ആകെ ഒരു വിഭ്രാന്തി. ഞാന്‍ എവിടെയാണ്! സമയം എന്തായിക്കാണും?തലയിണക്കടിയില്‍ തപ്പി നോക്കി.ഭാഗ്യം, മൊബൈല്‍ ഫോണ്‍ അവിടെ തന്നെയുണ്ട്‌.സമയം രണ്ടര.പെട്ടന്നാണ് മൊബൈല്‍ ഫോണിലെ ടവര്‍ നാമം ശ്രദ്ധിച്ചത്.
ഇപ്പോഴോര്‍മ്മ വരുന്നു. ഇന്നലെ വൈകുന്നേരം ഇവിടെ എത്തിയതാണ് ,
കടലിനഭിമുഖമായി നിൽക്കുന്ന സീ വ്യൂ റിസോര്‍ട്ടിൽ .
കണ്ട സ്വപ്നം ഓര്‍മ്മിച്ചെടുക്കാന്‍ നോക്കി. ഇല്ല, ഒന്നും വ്യക്തമായി ഓര്‍മ്മ വരുന്നില്ല.
 

ജനല്‍ തുറന്നു.തണുത്ത കാറ്റിനൊപ്പം കടലിന്റെ ശബ്ദവും മുറിയിലേക്ക് അടിച്ചു കയറി. 
നിലാവ് കാര്യമായിട്ടില്ല.കറുത്തപക്ഷത്തിന്റെ മധ്യമാണെന്നു തോന്നുന്നു.നാട്ടുവെളിച്ചത്തില്‍ ആകാശവും കടലും പരസ്പരം വേര്‍തിരിക്കാന്‍ ആവാതെ ഒന്നായതു പോലെ.
തണുപ്പേറ്റ് മൂക്ക് അടയുന്നുണ്ട്‌.കമ്പിളി ഷാള്‍ എടുത്തു തലവഴി മൂടി ജനാലക്കരികെ കസേര വലിച്ചിട്ടിരുന്നു.

തിരകള്‍ ഒന്നിനു പിന്നാലെ ഒന്നായി അടിച്ചു കയറുന്നു. 
എത്രപെട്ടന്നാണ്‌ ഓർമ്മകൾ വർഷങ്ങൾക്കു പിറകിലേക്ക് പോയത് ! പണ്ട് ബ്ലോഗില്‍ എഴുതിയ വരികള്‍ ഓർമ്മയിലെത്തി :
സ്വന്തം പ്രേമിയായ കരയെ കണ്ടു മടങ്ങുന്ന കടല്‍, തെല്ലുദൂരം ചെല്ലുമ്പോള്‍ വിരഹം താങ്ങാനാവാതെ വീണ്ടും കരയെ തേടി ഓടിയെത്തി കെട്ടിപ്പുണരുന്നു.കാലാതിവര്‍ത്തിയായി തുടരുന്നൂ ഈ പ്രണയവും വിരഹവും പുന: സമാഗമവും...
അദ്ദേഹത്തോടൊപ്പം ഇതുപോലൊരു കടലോര റിസോർട്ടിൽ അസ്തമയം കണ്ടുനിന്നത് ഇന്നലെയെന്നപോലെ ഓർമ്മയിലെക്കോടിയെത്തി .
കടല്‍ക്കരയില്‍ ഓരം ചേര്‍ന്ന്‌ കിടക്കുന്ന ചെറിയ ജലാശയം. അത്‌ പുഴയാണെന്നും കടലില്‍ നിന്ന് അകറ്റിയതിന്റെ ദുഖത്താല്‍ വിരഹിണിയാണ് അവളെന്നും പറഞ്ഞു തന്നപ്പോള്‍ അദ്ദേഹം അന്ന് വാചാലനായി. വിരഹം താങ്ങാനാവുന്നതിലും അധികമാകുമ്പോള്‍ മണല്‍ത്തിട്ട വകവയ്ക്കാതെ പുഴ തന്റെ പ്രേമേശ്വരനായ കടലിലേക്ക്‌ ഒഴുകി ഇറങ്ങുമെന്ന് പറഞ്ഞപ്പോള്‍ ചുറ്റിലും കാണുന്ന മനുഷ്യരിലും ജീവ ജാലങ്ങളിലും പ്രകൃതിയിലും സര്‍വ്വം പ്രണയം ദര്‍ശിക്കുന്ന അദ്ദേഹത്തിന്റെ കാല്പനികതയാണ് ഇതും എന്നേ കരുതിയുള്ളൂ. എന്നാല്‍ സന്ധ്യക്ക്‌ ആ ഒന്നാകലിനു സാക്ഷ്യം വഹിക്കാനായപ്പോള്‍ സന്തോഷംകൊണ്ടു ഞാന്‍ പ്രായം പോലും മറന്ന് ആര്‍ത്തു വിളിച്ചു. ഇപ്പോഴെന്തായീ എന്ന മട്ടില്‍ എന്നെ നോക്കി തുറന്നു ചിരിച്ചു കൊണ്ട്‌ അദ്ദേഹം എന്റെ ആവേശത്തില്‍ കൂട്ടു ചേർന്നു .കടലിനെ നോക്കി അര്‍ദ്ധഗര്‍ഭമായി ചിരിക്കുമ്പോള്‍ പ്രേമികളെ ആര്‍ക്കും അധികകാലം തടുത്തു നിര്‍ത്താനാവില്ലെന്ന് അദ്ദേഹം പതുക്കെ പറയുന്നുണ്ടായിരുന്നു.
അത്രനേരം റിസോര്‍ട്ടിലെ സന്ദര്‍ശകര്‍ കടല്‍കാറ്റാസ്വദിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും നടന്നിരുന്ന മണല്‍ത്തിട്ട നിമിഷ നേരം കൊണ്ട്‌ അടര്‍ന്നു വീഴുന്നതും പുഴയും കടലും തമ്മില്‍ ബന്ധിപ്പിച്ച നേര്‍ത്ത നീര്‍ചാല്‍ പരന്നു വലുതാകുന്നതും നോക്കി നില്‍ക്കുമ്പോള്‍ ഉള്ളം സന്തോഷം കൊണ്ട്‌ വിങ്ങുകയായിരുന്നു.
ഇപ്പോള്‍ ആ അഴിമുഖം എങ്ങനെയുണ്ടാകും ? ‌പുഴയും കടലും ഇപ്പോഴും ഒന്നായലിഞ്ഞു കിടക്കുകയാവുമോ? അതോ രഹസ്യ സന്ദര്‍ശനത്തിനു ശേഷം മറ്റാരുമറിയാതെ രണ്ടുപേരും വീണ്ടും മണല്‍ത്തിട്ടിന് ഇരുപുറവുമായി അകന്നു കഴിയുകയാവുമോ?
അതെല്ലാം വർഷങ്ങൾക്കു മുമ്പായിരുന്നു എന്ന് വിശ്വസിക്കാനാവുന്നില്ല.

Tuesday, February 5, 2013

ഒറ്റച്ചിറകുള്ള പക്ഷി

ഓര്‍മ്മതന്‍ നേര്‍ത്തൊരു
അലപോലുമിളകാത്ത
മറവിതന്‍ കട്ടിക്കരിമ്പടത്താല്‍ മൂടി
നിന്റെലോകത്തുനിന്നെന്നെ
പ്പുറത്താക്കി
എങ്ങോട്ടുപോയി നീ,
എന്നെത്തനിച്ചാക്കി ?


സ്വപ്‌ന,മോഹങ്ങള്‍
ഒന്നിച്ചു പങ്കിട്ട  

ബാല്യ കൌമാരങ്ങളെന്നേ
കഴിഞ്ഞുപോയ്‌.


ചിരിച്ചും കരഞ്ഞും ഒന്നിച്ചുറങ്ങിയും മൂന്നു ദശാബ്ദങ്ങ-
ളൊന്നായ് ക്കഴിഞ്ഞു നാം.

രണ്ടു ചിറകുകളൊന്നിച്ചു ചേര്‍ത്തു നാം
പാരതന്ത്ര്യത്തിന്റെ വേലികള്‍
ഖണ്ഡിച്ചു .


വീഴ്ചയില്‍ താങ്ങായു-
യുര്‍ച്ചയില്‍ കൂട്ടായി
ഓരോ ചുവടിലു-
മൊന്നായ് നടന്നു നാം.

നിത്യ സൌഹാര്‍ദ്ദത്തിന്‍
നേരടയാളമായ്
നമ്മള്‍ തിളങ്ങീ,
നമിച്ചു ലോകം നമ്മെ.
 

ഒടുവിലൊരു നാളി-
ലെല്ലാം മറന്നു നീ
എന്നെച്ചവിട്ടിക്കടന്നുപോയ്
നിര്‍ദ്ദയം !

ഇടനെഞ്ചിലൊരു കൊട്ട
ക്കനല്‍ കോരിയിട്ടിട്ട്

ചൂടകറ്റാനായി വിശറിയാല്‍ വീശുന്നു.
 

നെഞ്ചകം പൊള്ളി
പ്പിടയുന്നതു കണ്ടു

തീകെടുത്താനായി
എണ്ണ നനക്കുന്നു !
 

പാതി പിന്നിട്ടൊരീ
ജീവിതപ്പാതയില്‍
ലക്ഷ്യമറിയാതുഴറി
നില്‍ക്കുന്നു ഞാന്‍ .
 

നെഞ്ചിലെരിയുന്ന കനലിനെ
ചിരികൊണ്ടു മൂടീട്ട്
എല്ലാം തണുത്തെന്നു
വെറുതെ നടിക്കുന്നു,

ഒറ്റച്ചിറകിനാല്‍ തപ്പിത്തടഞ്ഞു
പറക്കാന്‍ ശ്രമിക്കുന്നു, 

ഞാന്‍ വീണു പിടയുന്നൂ...

കാലചക്രത്തിന്‍
ഭ്രമണം  നിലച്ചെങ്കില്‍
സൂര്യ ചന്ദ്രന്മാര്‍
ഉദിക്കാതിരുന്നെങ്കില്‍
ഭൂമി കുറച്ചിടെ
പിന്നോട്ടു ചലിച്ചെങ്കില്‍
പോയകാലങ്ങള്‍
തിരിച്ചു ലഭിച്ചെങ്കില്‍ ....
------------------------------
-----

Saturday, January 26, 2013

ഓര്‍മ്മകള്‍ക്കെന്തു സൌരഭ്യം....

ചാമുണ്ടി ഹില്ലിലേക്കു മെല്ലെ കയറുമ്പോള്‍ കാറിന്റെ  ചില്ല് പകുതി താഴ്ത്തി. തണുത്ത കാറ്റിന്റെ വിരലുകള്‍ എന്റെ മുടിയിഴകളില്‍ കുസൃതി കാട്ടിയപ്പോള്‍ കാറ്റുപോലും നിന്നെ തഴുകുന്നത് എനിക്ക് സഹിക്കില്ല എന്ന് ചെവിയില്‍ മന്ത്രിച്ചു നീ ചില്ലുയര്‍ത്തി. ആ സ്വാര്‍ഥതയുടെ മധുരം നുകര്‍ന്നുകൊണ്ട് ഞാനന്ന് രോമക്കുപ്പായമെടുത്ത് നിന്നെ പുതപ്പിക്കുന്നതില്‍ ശ്രദ്ധിച്ചു. കാര്‍ പാര്‍ക്കുചെയ്ത്, കുന്നിന്റെ നെറുകയില്‍ അന്യഭാഷക്കാരായ തീര്‍ഥാടകരുടെ ഇടയിലൂടെ സ്വാതന്ത്ര്യത്തിന്റെ മധു നുകര്‍ന്നുകൊണ്ട് കൈകള്‍ പരസ്പരം കോര്‍ത്ത് നടക്കുമ്പോഴാണ് ചെറുപ്പക്കാരിയായ അമ്മയും മിടുക്കരായ രണ്ടാണ്‍ മക്കളും ചേര്‍ന്ന് നടത്തുന്ന ചായപ്പീടിക കണ്ണില്‍ പെട്ടത്. ചൂട് ചായയും മുളക് ബജ്ജിയും കഴിക്കുന്നതിനിടയില്‍ നീ അവരുടെ പേരും വിവരങ്ങളും ചോദിച്ചറിഞ്ഞു. സമൂഹത്തില്‍ മറ്റുള്ളവര്‍ അകറ്റി നിര്‍ത്തുന്നവരോട് ചങ്ങാത്തം കൂടുന്നത് നിനക്ക് പണ്ടേ ഉള്ള ശീലമായിരുന്നല്ലോ.
മറ്റുള്ള തീര്‍ഥാടകര്‍ ദേവിയെ തൊഴാനും ഫോട്ടോക്ക് പോസുചെയ്യാനുമുള്ള തിരക്കിലായിരുന്നു.

സാന്ധ്യച്ചോപ്പില്‍ ഗോപുരത്തിന്റെ 
പ്രൗഢിയേറിയതായിതോന്നി . 
ലോകമാതാവിനെ വലം വച്ച്, ആളൊഴിഞ്ഞ ഒരിടം തേടി നമ്മള്‍ നടന്നു.  ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നിത്തുടങ്ങിയപ്പോള്‍ അതിലേറെ ദീപങ്ങള്‍ താഴെ മിഴിതുറന്നു. കുന്നിന്റെ മുകളില്‍ നിന്ന് താഴേക്കു നോക്കിയ ഞാന്‍  ആകാശം ഭൂമിയിലേക്കിറങ്ങി വന്നോ എന്ന് അത്ഭുതപ്പെട്ടു. നഗരം മുഴുവന്‍ ദീപാലംകൃതമായി ഏതോ ഉത്സവാഘോഷത്തിന് ഒരുങ്ങി നില്‍ക്കുന്ന പ്രതീതി!
ഉയര്‍ത്തിക്കെട്ടിയ കല്പടവുകളിലൊന്നില്‍ കൈകള്‍ പരസ്പരം കോര്‍ത്ത് അസ്തമയ സൂര്യനെ നോക്കി ഇരിക്കുമ്പോള്‍ സംസാരിച്ചിരുന്നില്ല എന്നത് നമ്മള്‍ പോലും അറിഞ്ഞിരുന്നില്ല. ഹൃദയങ്ങള്‍ ഒന്നായലിഞ്ഞാല്‍ അധരങ്ങള്‍ മൗനമാകുമെന്നു വിശ്വമഹാകവി പാടിയത് എത്ര സത്യം !
ഏറെ നേരത്തിനുശേഷം തിരക്കൊഴിഞ്ഞ ക്ഷേത്രത്തില്‍ കയറി ചാമുണ്ടീ ദേവിയെ ദര്‍ശിച്ച്, പ്രസാദമായി കിട്ടിയ പൊങ്കല്‍ ക്ഷേത്രാങ്കണത്തിലെ കരിങ്കല്‍ത്തറയിലിരുന്ന് ഭക്ഷിച്ച് പുറത്തിറങ്ങി, വളരെ പതുക്കെ കാറിനടുത്തെക്ക് നടക്കുമ്പോള്‍ പരിസരം വിജനമായിത്തുടങ്ങിയിരുന്നു. ചായക്കടക്കാരി ലക്ഷ്മിയും മക്കളും എപ്പോഴോ കടയടച്ചു പോയി. വീണ്ടും വരണം നമുക്ക് എന്ന് പരസ്പരം പറഞ്ഞ് കാര്‍ സ്റ്റാര്‌ട്ടാക്കി കുന്നിറങ്ങുമ്പോള്‍ ദേവി നമ്മെ അനുഗ്രഹിച്ചുകൊണ്ട് പോയിവരൂ എന്ന് പറയുന്നതായി തോന്നി.
ഇന്നലെ, നിന്റെ യാത്രാക്കുറിപ്പ് വായിച്ചപ്പോള്‍ ഞാന്‍ ഏറെ വര്‍ഷം പിറകോട്ടു മനസ്സുകൊണ്ടു യാത്രപോയി . നീ വീണ്ടും ചെന്നു ചാമുണ്ടീ ഹില്ലില്‍ , ഞാനില്ലാതെ...ആ കരിങ്കല്‍ കല്‍പ്പടവുകളിലിരുന്നപ്പോള്‍ പഴയ ഓര്‍മ്മകള്‍ ഒരു നിമിഷാര്‍ഥമെങ്കിലും നിന്റെയുള്ളിലും മിന്നിമറഞ്ഞു കാണില്ലേ !

Friday, October 15, 2010

യൂസ് ആന്‍റ് ത്രോ ...

"വൈകി വന്ന ഈ സ്വപ്ന പ്രണയത്തിന്റെ വര്‍ണ്ണ വസന്തങ്ങള്‍ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു.ഞാനിന്നു നക്ഷത്രങ്ങളെ നോക്കി നൃത്തം ചെയ്യുന്നു.നിന്റെ പ്രണയ ഗീതികള്‍ എന്നെ രാഗര്‍ദ്രയാക്കുന്നു. മേയ്ക്ക് ജിബ്രാന്‍ പോലെ ,ആതിയക്ക്‌ ഇക്ബാല്‍ പോലെ ...അവയെന്റെ ആത്മാവില്‍ സ്പര്‍ശിക്കുന്നു..."

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനെന്റെ ഡയറിയില്‍ കുറിച്ചിട്ട വരികള്‍ .അന്ന് മൊബൈല്‍ ഫോണോ ഈ മെയില്‍ സന്ദേശമയക്കാനുള്ള സൌകര്യങ്ങളോ നമുക്കിടയില്‍ ഇല്ലായിരുന്നല്ലോ.അതിനാല്‍ ആ സന്ദേശങ്ങള്‍ ഇപ്പോഴും ജീവനോടെ കടലാസ്സില്‍ കിടക്കുന്നു.

ഇന്നലെ സംസാരത്തിനിടയില്‍ നീ പറഞ്ഞത് പോലെ ജിബ്രാന്റെ കാലത്ത് മൊബൈല്‍ ഫോണില്‍ എസ് എം എസ് അയയ്ക്കാന്‍ സൌകര്യമുണ്ടായിരുന്നെങ്കില്‍ ജിബ്രാന്‍ മേയ്ക്കയച്ച ആ പ്രണയ ലേഖനങ്ങള്‍ ചരിത്ര താളുകളില്‍ ഉണ്ടാവുകയെ ഇല്ലായിരുന്നു. ഇന്ന് നമ്മള്‍ തമ്മില്‍ അയയ്ക്കുന്ന എത്ര എത്ര സന്ദേശങ്ങള്‍ ...അവയ്ക്ക് വായിക്കുന്ന ആ ക്ഷണനേരത്തെ ആയുസ്സ് മാത്രം.
ആധുനിക ലോകത്തിന്റെ സിദ്ധാന്തമായ 'use and throw' മറ്റെല്ലായിടത്തും പോലെ ഇവിടെയും .സന്ദേശങ്ങള്‍ വായിക്കുക,ഡിലീറ്റു ചെയ്യുക . ഒന്നിനും ഏറെ നേരത്തെ ആയുസ്സില്ല.
പ്രണയബന്ധങ്ങള്‍ക്കും ..

Tuesday, August 17, 2010

"കും കും യാ ഹബീബീ..."

"kum kum ya habibi.Annaum alal Ashiqi haramun! "

ഉച്ചമയക്കത്തില്‍ നിന്നും ഉണര്‍ന്നത് ഈ സന്ദേശത്തിന്റെ ശബ്ദം കേട്ടാണ് . ഉറുദു വിലുള്ള ഗസലിന്റെ വരികളാണ്. ഉറക്കപ്പിച്ചില്‍ വായിച്ചിട്ടൊന്നും മനസ്സിലാകുന്നില്ല . കണ്ണു വീണ്ടും അടച്ചു തുറന്നു നോക്കീ.താഴെ ഇന്ഗ്ലീഷിലും മലയാളത്തിലും എഴുതിയിട്ടുണ്ട് .

Awake,awake my beloved ...All form of sleep is out of bounds to the lover..

"ഉണരൂ , എഴുന്നേല്‍ക്കൂ പ്രിയേ ,അനുരാഗികള്‍ക്ക് നിദ്ര നിഷിദ്ധമല്ലോ ..."

പതിവില്ലാത്തതാണ് എനിക്കീ സമയത്തൊരു മയക്കം.എന്നിട്ടും ഞാനിവിടെ ഉറങ്ങുന്നത് ഇത്ര ദൂരെ ഇരിക്കുന്ന നീ എങ്ങിനെ അറിയുന്നു ?!

പ്രണയത്തിനു പ്രായമോ തളര്‍ച്ചയോ ബാധിക്കാത്തതുപോലെ അതിനു ദൂരമോ ദേശമോ പ്രശ്നമല്ല ...

Tuesday, August 10, 2010

പ്രണയ മൌനങ്ങളോടെ ശുഭരാത്രി...

ജനലഴികള്‍ക്കിടയിലൂടെ എന്നെ തഴുകാനെത്തുന്ന രാത്രിമഴയില്‍ മനസും ശരീരവും കുളിര്‍ത്ത്‌ , നീ എനിക്ക് സമ്മാനിച്ച ജലാലുദ്ദീന്‍ റൂമിയുടെ 'മസ്നവി'യുടെ താളുകളില്‍ സ്വയം മറന്നിരിക്കുമ്പോള്‍ മൊബൈല്‍ ഫോണിലെ സന്ദേശപ്പക്ഷി ചിലച്ചു .

തുറന്നു
നോക്കാതെ തന്നെ എനിക്കറിയാമായിരുന്നു അത് നിന്റെ സന്ദേശമെന്ന് .

"രാത്രിമഴയുടെ ആര്‍ദ്രനിശ്വാസങ്ങള്‍ക്ക് ജന്മാന്തരങ്ങള്‍ക്കപ്പുറത്തുനിന്നുള്ള എന്‍ പ്രിയരാഗത്തിന്റെ ഈണം ...അമൃതവര്‍ഷിണി രാഗത്തില്‍ , എന്‍ പ്രിയയുടെ സ്വരത്തില്‍ ...പ്രണയ മൌനങ്ങളോടെ ശുഭരാത്രി..."

പ്രണയ മൌനങ്ങള്‍ ...അതേ , അധരങ്ങള്‍ മൌനിയാകുമ്പോള്‍ ഹൃദയങ്ങള്‍ക്കായിരം നാവുണരുന്നു . പ്രണയം മൌനത്തില്‍ അതിന്റെ ഔന്നത്യങ്ങളിലെത്തുന്നു .

എന്റെ ഹൃദയം മൌനമായോതുന്ന ഈ സന്ദേശം അങ്ങ് ദൂരെ നിന്നില്‍ എത്തുമെന്നെനിക്കുറപ്പുണ്ട് .

"ശുഭരാത്രി ... "

Friday, August 6, 2010

വിരഹം,പ്രണയത്തിന്റെ പൂര്‍ണ്ണത

നീണ്ട ഏഴുദിവസങ്ങള്‍ക്കു ശേഷം ഇന്ന് വീണ്ടും ഈ ബ്ലോഗ്‌ എഴുതുമ്പോള്‍ എഴുതി നിര്‍ത്തിയ ഇടത്തുനിന്നും ഞാന്‍ ബഹുദൂരം പോന്നിരിക്കുന്നു. ഈ ഏഴു ദിവസങ്ങള്‍ തിരിച്ചറിവിന്റെ ദിനങ്ങളായിരുന്നു .

പ്രണയത്തില്‍ നഷ്ടങ്ങളും ലാഭങ്ങളും ഇല്ലെന്ന അനൂപിന്റെ അഭിപ്രായത്തെ പൂര്‍ണ്ണമായും പിന്താങ്ങുന്നു എന്ന് നീ . പ്രണയത്തെ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നത് അന്ധന്‍ ആനയെക്കണ്ടതുപോലെയാണെന്നും . ഓരോരുത്തരും അവരവരുടെ അനുഭവത്തിനനുസരിച്ച്‌ അതാണ്‌ പ്രണയമെന്നു നിര്‍വ്വചിക്കുന്നു. പ്രപഞ്ചത്തില്‍ നക്ഷത്രങ്ങളും നിലാവും പൂക്കളും കിളികളും ഋതുഭേദങ്ങളും ഉള്ളിടത്തോളം പ്രണയികളുടെ മനസ്സും അസ്വസ്ഥമായിക്കൊണ്ടേ ഇരിക്കും . വിരഹത്തിലാണ് പ്രണയം അതിന്റെ പൂര്‍ണ്ണഭാവത്തില്‍ അനുഭവിക്കാനാവുക ...നീ പറഞ്ഞു കൊണ്ടേ ഇരുന്നു .

ഒടുവില്‍ പതിവുപോലെ റൂമിയിലെത്തുകയും...

" യഥാര്‍ഥ അനുരാഗി ഏതെല്ലാം വഴികളിലൂടെ ചുറ്റിത്തിരിഞ്ഞാലും ഒടുവില്‍ അവന്റെ അനശ്വരയായ പ്രണയഭാജനത്തിനടുത്തെത്തുക തന്നെ ചെയ്യും ..."

നീ ഇന്നലെ ഫോണില്‍ അയച്ച സന്ദേശം ഞാന്‍ മാച്ചുകളയാതെ സൂക്ഷിച്ചുവച്ചിരിക്കുന്നു

"I 'm not like de rain dat pours & goes away , bt 'm like de air ...not visible bt always in touch .."

Wednesday, July 28, 2010

പ്രണയവും സ്വാര്‍ഥതയും

പ്രണയത്തില്‍ സ്വാര്‍ഥതയ്ക്ക് സ്ഥാനമില്ലെന്ന് നീ . പ്രകൃതിയിലേക്ക് നോക്കാനും ... നീ വീണ്ടും കടലിനെയും ആകാശത്തെയും ഉപമയ്ക്കായി കൂട്ട് പിടിക്കുന്നു. എന്നാല്‍ ഞാന്‍ പറയുന്നു സ്വാര്‍ഥതയില്ലാത്ത പ്രണയത്തില്‍ ആത്മാര്ധതയില്ലെന്ന് . ആരു പറഞ്ഞു കടലും ആകാശവും തമ്മിലുള്ള പ്രണയത്തില്‍ സ്വാര്‍ഥത ഇല്ലെന്ന് ? കടലിന്റെ പ്രണയം നീരാവിയായി ആകാശത്തിനു കൊടുക്കുന്നതിനു പകരം തണുത്തുറഞ്ഞു ഹിമമായിരിക്കുമ്പോള്‍ കാണുന്നില്ലേ തിരിച്ചും പ്രണയം വര്ഷിക്കാതെ ആകാശം മുഖം വീര്‍പ്പിച്ചു നില്‍ക്കുന്നത്?
പ്രണയത്തില്‍ സ്വാര്‍ഥത ഇല്ലാതാകുന്നത് പ്രണയത്തിന്റെ ക്ഷയത്തെ അല്ലെ സൂചിപ്പിക്കുന്നത്? നിന്റെ ഫോണ്‍ വരുന്ന സമയത്ത് എന്റെ ഫോണില്‍ മറ്റാരെങ്കിലും സംസാരിക്കുകയാണെങ്കില്‍ പോലും നിനക്കു സഹിക്കില്ലായിരുന്നു. അന്ന് ഞാന്‍ ഒരുപാട് പിണങ്ങീ , പോസ്സസ്സീവ് നെസ് ഇത്രയ്ക്കു പാടില്ല എന്ന് പറഞ്ഞു. ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു , നീ ഒന്ന് പിണങ്ങിയെങ്കില്‍ എന്ന് .

Monday, July 26, 2010

പ്രണയത്തിനു സൂത്രവാക്യങ്ങളില്ല

പ്രണയിക്കുന്നതിനും പ്രണയിക്കപ്പെടുന്നതിനും പ്രത്യേക സൂത്രവാക്യങ്ങളൊന്നും ഇല്ലെന്നു നീ . അത് ആത്മാവുകളുടെ പരസ്പരമുള്ള കണ്ടെത്തലാണെന്നും . അതുകൊണ്ടല്ലേ യഥാര്‍ഥ പ്രണയികള്‍ പരസ്പരം ഒരിക്കല്‍ പോലും നേരിട്ടുകാണണമെന്നു നിര്‍ബന്ധമില്ലാത്തത്. നീ വീണ്ടും മേ -ജിബ്രാന്‍ ഉദാഹരണം പറഞ്ഞു.
അത് പറയുമ്പോഴും അന്ന് നമ്മളും പരസ്പരം കണ്ടിരുന്നില്ല എന്ന് നീ മറന്നുപോയിരുന്നു. നമ്മള്‍ എന്നേ പരസ്പരം കണ്ടറിഞ്ഞവര്‍ എന്നായിരുന്നല്ലോ നമ്മുടെ ഭാവം .

ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ ശബ്ദം ഞാന്‍ നിന്നെ ഫോണിലൂടെ കേള്‍പ്പിച്ചപ്പോള്‍ നീ അന്ന് ചൊല്ലി "നീ കൈനീട്ടി ആ മഴ ഒന്ന് നനയൂ ..അപ്പോള്‍ എനിക്കും ഇവിടെ ഇരുന്നു ആ മഴയുടെ തണുപ്പനുഭവിക്കാമല്ലോ " .

ഞാന്‍ ഫോണിലൂടെ നിര്‍ത്താതെ സംസാരിച്ചുകൊണ്ടേ ഇരുന്നു . നീ മൂളിക്കൊണ്ടും. ഞാന്‍ മാത്രം എന്തിനിങ്ങനെ വായിട്ടലക്കുന്നു എന്നു പിന്നീടു ഞാന്‍ പരിഭവിച്ചപ്പോള്‍ നീ വീണ്ടും ജലാലുദ്ദീന്‍ റൂമിയെ കൂട്ടുപിടിച്ചു "അധരങ്ങള്‍ മൌനിയാകുമ്പോള്‍ ഹൃദയത്തിനായിരം നാവുണരുന്നു.നീ എന്റെ സമുദ്രത്തിലെ ഒരു തുള്ളിയാണ്.പിന്നെന്തിനീ വാചാലത?!"

Saturday, July 24, 2010

മനസ്സ് അസ്വസ്ഥമാകുന്നു ...

ഇന്നെന്റെ മനസ്സു വല്ലാതെ അസ്വസ്ഥമാണല്ലോ ... ഒന്നിലും മനസുറച്ചു നില്‍ക്കുന്നില്ല.എന്താണീ അസ്വസ്ഥതയ്ക്ക് കാരണം എന്നു മനസ്സിലാകുന്നുമില്ല. ഞാന്‍ നിന്റെ പഴയ കത്തുകള്‍ പരതട്ടെ...

"വീശുന്ന ഓരോ കാറ്റും നിന്റെ സുഗന്ധവുമായി വന്നെത്തുന്നു.
പാടുന്ന ഓരോ പക്ഷിയും നിന്റെ നാമം എന്നോട് പറയുന്നു.
ഓരോ സ്വപ്നത്തിലും നിന്റെ മുഖം എനിക്ക് കാണാവുന്നു.
നിന്മുഖത്തെക്കുള്ള ഓരോനോട്ടവും എന്റെ മനസ്സില്‍ മുദ്രണം ചെയ്യുന്നു.
അകലെയായാലും,അരികിലായാലും,ഞാന്‍ നിന്റെതാണ് ,നിന്റേതു മാത്രമാണ് .
നീ എവിടെയായിരുന്നാലും നിന്റെ ദുഃഖങ്ങള്‍ എന്റെതുമാണ്..."

അന്ന് നമ്മള്‍ റൂമിയുടെ 'പുല്ലാങ്കുഴലിന്റെ ദുഃഖ 'ത്തെ ക്കുറിച്ച് ഏറെ ഫോണിലൂടെ ചര്‍ച്ചചെയ്തു .സ്വന്തം കൂട്ടത്തില്‍ നിന്നും അടര്‍ന്നുപോന്ന പുല്ലാങ്കുഴലിന്റെ വേദന ...അതിന്റെ സുഷിരത്തിലൂടെ പുറത്തുവരുന്നത് സംഗീതമല്ലാ, ആത്മാവിന്റെ വേദന അഥവാ മഹത്തായ പ്രണയമാണെന്നു നീ സമര്‍ദ്ധിച്ചു .

ഇന്നും പക്ഷി പാടുന്നു ...കാറ്റു വീശുന്നു...പക്ഷെ നീയും ഞാനും ... ?!

Friday, July 23, 2010

നിനക്കായി...

എന്റെ ആദ്യ പുസ്തകം അടങ്ങിയ പാര്‍സല്‍ കിട്ടാനായി നീ കാത്തിരുന്നത് ഇന്നലെയെന്നപോലെ ഓര്‍മ്മ വരുന്നു.എന്തുകൊണ്ടോ കൊറിയര്‍ സര്‍വീസുകാര്‍ നമ്മള്‍ പ്രതീക്ഷിച്ചതിലും വൈകിയാണ് അത് നിന്റെ കയ്യില്‍ എത്തിച്ചത്. കാത്തിരിപ്പ് ആകാംക്ഷ കൂട്ടുന്നു എന്നും അതൊരു സുഖമുള്ള അവസ്ഥയാണെന്നും നീ ...
പുസ്തകം നിന്റെ കയ്യില്‍ കിട്ടിയപ്പോള്‍ നിനക്കുണ്ടായ നിരാശ... നിന്റെ ഉള്ളില്‍ എന്നെക്കുറിച്ച് നീ ഉണ്ടാക്കിയ ചിത്രത്തിനു നേര്‍വിപരീതമായിരുന്നല്ലോ ആ പുസ്തകത്തിലെ എന്റ കവിതകള്‍ നല്‍കുന്ന ചിത്രം . കാല്‍പ്പനികത തൊട്ടുതീണ്ടാത്ത , തികച്ചും കാലികമായ , സമൂഹത്തിലെ അരുതായ്മകളോട് കയര്‍ക്കുന്ന എന്നെയാണ് നിനക്കതില്‍ കാണാന്‍ കഴിഞ്ഞതെന്ന് നീ . 'ആത്മം' എന്ന കവിതയിലൊ
ഴിച്ചു മറ്റെങ്ങും നിനക്ക് നിന്നെ കണ്ടെത്താനായില്ലെന്നും ബാക്കിയെല്ലാം മറ്റാര്‍ക്കോ വേണ്ടി എഴുതിയവയാണെന്നും നീ അന്ന് പരിഭവിച്ചു. അന്ന് ഞാന്‍ വാക്ക് തന്നിരുന്നു,നിനക്കായി മാത്രം ഞാനെഴുതാം മറ്റൊന്ന് എന്ന്.

ഇന്ന് ഞാന്‍ നിനക്കായി മാത്രം എഴുതുന്നു , അത് വായിക്കാന്‍ നീ എവിടെ ??

Thursday, July 22, 2010

വൈരുധ്യമില്ലാത്തതോ പ്രശ്നം ?



ജലാലുദ്ദീന്‍ റൂമി പറയുന്നു
"മറഞ്ഞിരിക്കുന്ന വസ്തുക്കള്‍
വൈരുധ്യങ്ങളാല്‍ പ്രത്യക്ഷമാകുന്നു ;
ഇരുട്ടിനാല്‍ വെളിച്ചമെന്നപോലെ " .

പ്രണയത്തിനും ഇതു ബാധകമാണല്ലോ!
നമുക്കിടയില്‍
വൈരുധ്യങ്ങള്‍ ഇല്ലാത്തതു കൊണ്ടാണോ പ്രണയം മറഞ്ഞിരിക്കുന്നത് ?
പ്രണയികളുടെ ഹൃദയങ്ങള്‍ തമ്മില്‍ സംവദിക്കാന്‍ ഒരു കിളിവാതിലുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ ഞാന്‍ അതിശയിക്കുന്നു , നമ്മുടെ ഹൃദയങ്ങള്‍ക്കിടയില്‍ ഒരു മറപോലുമില്ലല്ലോ ,പിന്നെങ്ങിനെ കിളിവാതില്‍ ?!

Wednesday, July 21, 2010

ചട്ടക്കൂടുകളില്‍ പെടുത്താതിരിക്കാം...

കാറിലെ മ്യൂസിക് പ്ലെയറില്‍ നിന്നും ഒഴുകിയെത്തിയ 'കാള്‍ ഓഫ് വാലി 'യില്‍ നമ്മള്‍ പൂര്‍ണ്ണമായും അലിഞ്ഞിരുന്നു.പണ്ഡിറ്റ്‌ ശിവകുമാര്‍ ശര്‍മയും ഹരിപ്രസാദ് ചൌരസ്യയും ബ്രിജ്ഭുഷന്‍ കാബ്രയും മത്സരിച്ചു വായിക്കുന്നു. ഇടയ്ക്കെപ്പോഴോ ഞാന്‍ നിന്നോട് ചോദിച്ചു
"ഇതേതു രാഗമാണെന്ന് പറയാമോ ?"
"നമ്മളെ ഇന്നലെകളിലേക്കു കൊണ്ടുപോകുന്ന രാഗം "
നിന്റെ മറുപടിയില്‍ തൃപ്തയാകാതെ ഞാനന്ന് 'ഭൂപും' 'മോഹനവും' തമ്മിലുള്ള ബന്ധത്തെ കുറിച്ചും ,കര്‍ണാട്ടിക്കിലെ കല്യാണി രാഗവും ഹിന്ദുസ്ഥാനിയിലെ യമന്‍ രാഗവും എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും മറ്റും നിന്നെ പഠിപ്പിക്കാന്‍ ശ്രമിച്ചു.അന്നു നീ പറഞ്ഞതിന്നും ഞാന്‍ ഓര്‍ക്കുന്നു.
"സംഗീതം ആസ്വദിക്കാന്‍ രാഗങ്ങളെക്കുറിച്ചുള്ള അറിവ് ആവശ്യമില്ല. പ്രകൃതിയിലേക്ക് കാതു തുറക്കൂ . സ്വരസ്ഥാനങ്ങള്‍ ചിട്ടപ്പെടുത്തിയാണോ കയില്‍ കൂവുന്നത് ? പുഴ ഒഴുകുന്നത്‌?മുളങ്കാട്‌ പാടുന്നത്?തോണിക്കാരന്റെ പാട്ടുകേള്‍ക്കൂ . അയാള്‍ രാഗം ചിട്ടപ്പെടുത്തിയാണോ പാടുന്നത്? നിരക്ഷരരായ ആദിവാസികളുടെ പാട്ടും നൃത്തവും നോക്കൂ ... അവര്‍ ഒരു ഫ്രെയിമുകള്‍ക്കും അകത്തല്ല. അതാണ്‌ അവരുടെ കലയുടെ ജീവനും.
കവിതകള്‍ വൃത്തവും,അലങ്കാരവും നോക്കി വേണം എഴുതാന്‍ എന്ന് പറയുന്നത് പോലെ തന്നെയാണ് സംഗീതം ആലപിക്കാന്‍ , ആസ്വദിക്കാന്‍ രാഗം അറിയണം എന്ന് പറയുന്നത്.നമുക്ക് സംഗീതത്തെ
, സാഹിത്യത്തെ , കലയെ ചട്ടക്കൂടുകളില്‍ ഒതുക്കി ശ്വാസം മുട്ടിക്കാതിരിക്കാം ..."
നീ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാനത് മുഴുമിപ്പിച്ചു
"പ്രണയത്തേയും..."

Tuesday, July 20, 2010

പ്രണയത്തിന്റെ പാരമ്യതയോ ?!

പ്രണയം അതിന്റെ ഉച്ചിയിലെത്തിയാല്‍ പിന്നെ നമ്മള്‍ എങ്ങോട്ട് .. ഈ ചോദ്യം വീണ്ടും എന്നെ വലയ്ക്കുന്നു. താഴേയ്ക്കുരുട്ടിയിട്ടു വീണ്ടും ഉന്തിക്കയറ്റാന്‍ പറ്റുമായിരുന്നെങ്കില്‍ നമുക്കും നാറാണത്തുഭ്രാന്തനെപ്പോലെ ആദ്യം മുതല്‍ തുടങ്ങാമായിരുന്നു ...പക്ഷെ പ്രണയം ഒരു കല്ലല്ലല്ലോ !

ഏതൊരു പ്രണയത്തിന്റെയും പാരമ്യത്തില്‍ ഉണ്ടാകുന്ന സ്വാഭാവിക മരവിപ്പാണോ ഇതും ? നമ്മളതു തിരിച്ചറിയാത്തതാണോ പ്രശ്നം ? എനിക്കൊന്നും മനസ്സിലാകുന്നില്ല.

Saturday, July 17, 2010

പ്രണയം ജീവനം

ഓര്‍ക്കുട്ടില്‍ നമ്മുടെ സുഹൃത്തിന്റെ 'ജീവനം' എന്ന കവിതയിന്മേല്‍ നടന്ന ചര്‍ച്ച നീ ഓര്‍ക്കുന്നുവോ ...
ആ കവിതയ്ക്ക് ജീവനം എന്ന പേര് നിര്‍ദ്ദേശിച്ചത് ഞാനായിരുന്നു .ആ വാക്കിനെകുറിച്ചുള്ള ചര്‍ച്ചയില്‍ ഞാനന്ന് പറഞ്ഞു "ജീവ്യതെ അനേന ഇതി ജീവനം ...
ജീവിയ്കാന്‍ ആവശ്യമായത് എന്തോ അത് ജീവനം ..ഈ അര്‍ഥത്തില്‍ വായു .ജലം .ഭക്ഷണം തുടങ്ങി ജീവിക്കാന്‍ ആവശ്യമായ എന്തും ജീവനം ആണ് ..പഞ്ചഭൂതങ്ങളെയും ജീവനം എന്ന് വിളിയ്കാം..

ചിലര്‍ക്കെങ്കിലും ജീവിക്കാന്‍ പ്രണയം ആവശ്യമാകാറുണ്ട്.എങ്കില്‍ പ്രണയത്തെയും ജീവനം എന്ന് നമുക്ക് വിളിയ്കാം.. "
അന്ന് എന്റെ വാദം ഒരുപാട് തര്‍ക്കങ്ങള്‍ വിളിച്ചുവരുത്തി. ജീവിക്കാന്‍ പ്രണയം ആവശ്യമാകുന്നതെങ്ങിനെയെന്നായിരുന്നു മറ്റുള്ളവരുടെ വിമര്‍ശനം .

ജീവിക്കുക എന്നാല്‍ എന്താണ് ?വെറുതെ ജീവന്‍ ഉള്ള അവസ്ഥയെ ജീവിതം എന്ന് പറയാനാകുമോ? എങ്കില്‍ ,ആശുപത്രിയില്‍ കൃത്രിമ ഉപകരണങ്ങളുടെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്ന രോഗിയും ജീവിക്കുകയാണ് എന്ന് പറയാമോ ? ജീവന്‍ നിലനിര്‍ത്തല്‍ എന്ന അവസ്ഥയും ജീവിതവും രണ്ടും രണ്ടല്ലേ?

ഞാനിന്നും പറയുന്നു ,എനിക്കുപ്രണയം ജീവനം തന്നെയാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ' പ്രണയം ജീവിതം, പ്രണയനഷ്ടം മരണവും ...' എന്ന്....

Friday, July 16, 2010

ഇനി എങ്ങോട്ട് ?!

നിനക്കോര്‍മ്മയുണ്ടോ എന്നറിയില്ല ,നമ്മുടെ നടക്കാതെപോയ ആഗ്രഹങ്ങള്‍ ...പാടത്തെ ചേറിന്റെ മണം ഒരുമിച്ചനുഭവിക്കുക,കുയിലിന്റെ പാട്ട്‌ ഒരുമിച്ചു കേള്‍ക്കുക,ഒരുമിച്ചു ലക്ഷ്യമില്ലാതെ യാത്രചെയ്യുക , അങ്ങിനെ,അങ്ങിനെ...നമ്മള്‍ പോലും പ്രതീക്ഷിക്കാത്തത്ര വേഗത്തില്‍ അവയെല്ലാം ഒന്നൊന്നായി അനുഭവിക്കാനിടയായപ്പോള്‍ ആഹ്ലാദത്തേക്കാള്‍ ഏറെ എനിക്കു തോന്നിയത് ആശങ്കയായിരുന്നു .അന്ന് , കൊയ്യാറായ പാടത്തിനരികില്‍ ദൂരെനിന്നും ഓടി വരുന്ന മഴകണ്ടുകൊണ്ട് , ഒരുകുടക്കീഴില്‍ ചാഞ്ഞു പെയ്യുന്ന മഴയില്‍ പാതിയും നനഞ്ഞു നില്‍ക്കുമ്പോള്‍ നമുക്ക് ഒരുമിച്ചനുഭവിക്കാന്‍ പറ്റാതെപോയതെല്ലാം തിരിച്ചുകിട്ടുന്നതിന്റെ ആവേശത്തിലായിരുന്നു നീ. എന്നാല്‍ എന്തിനാണ് ഈ സൌഭാഗ്യങ്ങളെല്ലാം നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ത്തന്നെ ലഭ്യമാക്കുന്നത് എന്ന ആശങ്കയായിരുന്നു എനിയ്ക്ക് .ഇത്രവേഗം ഇതെല്ലാം ഒരുമിച്ചു തന്ന് ഈശ്വരന്‍ വേഗം പണിതീര്‍ക്കുകയാണോ എന്ന ഭയമായിരുന്നു എനിക്ക്. നമുക്ക് ഒരുമിച്ചനുഭവിക്കാനാവാതെ പോയ ബാല്യ കൌമാരങ്ങളിലെ മോഹങ്ങള്‍ നമ്മള്‍ പരസ്പരം കണ്ടെത്തിയപ്പോള്‍ ആ പരാശക്തി നമുക്ക് തരുന്നതാണെന്ന് അന്നു നീ എന്നെ ആശ്വസിപ്പിച്ചു.

ഇന്ന് ഞാന്‍ വീണ്ടും ഭയക്കുന്നു , എല്ലാം അത്രവേഗം അനുഭവിച്ചുതീര്‍ത്തതല്ലേ ഇന്നത്തെ നിന്റെ ഈ മരവിപ്പിനു കാരണം എന്നു ഞാന്‍ ആകുലപ്പെടുന്നു. പ്രണയത്തിന്റെ ഉച്ചിയില്‍ എത്തിയാല്‍ പിന്നെ നമ്മള്‍ എങ്ങോട്ടുപോകാന്‍ !!

Thursday, July 15, 2010

മൌനം വാചാലം


ചിലപ്പോള്‍ കുറ്റം എന്റെ തന്നെയാകാം. പ്രണയത്തില്‍ ആത്മാഭിമാനത്തിന് സ്ഥാനമില്ല. ഞാനോ വലുത് നീയോ വലുത് എന്ന മത്സരം വരുമ്പോഴല്ലേ അതിനൊക്കെ സ്ഥാനമുള്ളൂ . ഇന്ന് ഞാന്‍ നിന്നെ വിളിക്കില്ല എന്ന് വാശിപിടിച്ചിരിക്കുമ്പോള്‍ എനിക്കുതന്നെ തോന്നാതെയല്ല ഇത് ദുര്‍വ്വാശിയല്ലേ എന്ന്. എന്നാലും നീ എന്നെ ഇങ്ങനെ അവഗണിക്കുമ്പോള്‍ ഞാനെങ്ങിനെയാണ് വീണ്ടും നിന്നെ വിളിക്കുന്നത്‌?ഞാന്‍ നിനക്കൊരു ഭാരമാകുന്നോ എന്ന ഭയവുമുണ്ട്. പല പതിവുകളും നീ പതുക്കെ പതുക്കെ ഇല്ലാതെയാക്കുന്നു. ദിവസം തുടങ്ങുന്നതും ഒടുങ്ങുന്നതും പരസ്പരം കേട്ടുകൊണ്ടാകണമെന്ന് എന്നെക്കാളധികം നിര്‍ബന്ധം നിനക്കായിരുന്നല്ലോ .

ഇന്നലെ
നിന്റെ 'ശുഭരാത്രി'ക്കായി ഞാന്‍ രാവേറെ കാത്തിരുന്നു . എന്നിട്ടും...

ചിലപ്പോഴെങ്കിലും മൌനം വാചാലതയെക്കാള്‍ വാചാലമാകുന്നു അല്ലെ ...
ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ നമ്മുടെ ഭാഷ നമുക്കുള്ളിലുള്ളത് മറയ്ക്കാനും ഉപകരിക്കുമല്ലോ.ഇപ്പോള്‍ ഞാന്‍ മൌനിയായിരുന്നാല്‍ പിന്നീട് മനസ്സു തണുക്കുമ്പോള്‍ എന്റെ മൌനത്തിനെ ആ അവസരത്തിന് ചേരും വിധം എനിക്കു വ്യാഖ്യാനിക്കാമല്ലോ.

മുക്തി ആഗ്രഹിക്കാത്ത വേദന

പ്രണയം മറവിയാണെന്നു നീ . ഞാന്‍ പറയുന്നു പ്രണയം വേദനയാണെന്ന് , വിങ്ങലാണെന്ന് .യഥാര്‍ഥ പ്രണയികള്‍ അത്യാര്‍ത്തിക്കാരാണ് .അവര്‍ക്ക് ഒരിക്കലും തൃപ്തി ഉണ്ടാകുന്നില്ല . എത്രകിട്ടിയാലും പോരാ പോരാ എന്ന തോന്നല്‍ . ദിവസം മുഴുവനും ഒരുമിച്ചിരുന്നാലും തമ്മില്‍ പിരിഞ്ഞാല്‍ കണ്ടിട്ടേയില്ല എന്നതോന്നല്‍ . എത്ര അടുത്താലും ഇനിയും അടുക്കാന്‍ ബാക്കിയുണ്ടെന്ന തോന്നല്‍ . എന്നാല്‍ ഈ വേദനക്കും എന്തു സുഖം!ഈ ഒറ്റ വേദനക്കുവേണ്ടിമാത്രം വീണ്ടും വീണ്ടും ആഗ്രഹം തോന്നുന്നു. ഈ അവസ്ഥയെ തന്നെയല്ലേ 'മുക്തി ആഗ്രഹിക്കാത്ത വേദന' എന്ന് റൂമി പറയുന്നത് ?! മറ്റെല്ലാ വേദനകളും ഇല്ലാതെയാകുമ്പോള്‍ സുഖം കിട്ടുന്നു . പ്രണയം എന്ന വേദന ഉള്ളപ്പോള്‍ സുഖം ,ഇല്ലാതെയായാല്‍ മരണവും ... 'സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് അസൂയ ഉണ്ടാക്കുന്ന വേദന ' എന്ന് ജിബ്രാന്‍ പറഞ്ഞതും ഇത് തന്നെയല്ലേ ?

Wednesday, July 14, 2010

പ്രണയം =ആവര്‍ത്തനം

പ്രണയത്തെപ്പറ്റി ആരൊക്കെ ഏതൊക്കെ ഭാഷയില്‍ പറഞ്ഞാലും അത് ആവര്‍ത്തനങ്ങളായി തോന്നുന്നു. എന്തെന്നാല്‍ ഭാഷയും കാലവും മാറിയാലും പ്രണയം എന്ന ഭാവത്തിനു മാറ്റം വരുന്നില്ല. ആത്മാവ് ആത്മാവിനെ തിരിച്ചറിഞ്ഞ് ഒന്നായലിയുന്ന ആ ദിവ്യമായ അനുഭൂതിയുടെ ഭാവം ജലാലുദ്ദീന്‍ റൂമി പറഞ്ഞാലും ഖലീല്‍ ജിബ്രാന്‍ പറഞ്ഞാലും ഓഷോ രജനീഷ് പറഞ്ഞാലും വ്യത്യാസം ഭാഷയിലും പറയുന്ന രീതിയിലും മാത്രം . സാരാംശം എല്ലാം ഒന്നുതന്നെ . അതുതന്നെയാണ് പ്രണയത്തെപ്പറ്റി ഞാന്‍ പറയുമ്പോള്‍ അത് നിന്റെ എഴുത്തിന്റെ ആവര്‍ത്തനമായി നിനക്ക് തോന്നുന്നതും. പ്രണയവും പ്രണയനഷ്ടവും വാക്കുകള്‍ കൊണ്ടു വര്‍ണ്ണിച്ചാല്‍ ഒരിക്കലും പൂര്‍ണ്ണമാവില്ല. അതനുഭവിക്കുക തന്നെ വേണം.
'പ്രണയത്തെ വിവരിയ്ക്കുമ്പോള്‍
എന്‍റെ ബുദ്ധി
ചേറില്‍പ്പെട്ട കഴുതയെപ്പോലെ
തലകുത്തി വീഴുന്നു .
പ്രണയത്തിനു മാത്രമേ
പ്രണയത്തിന്റേയും,പ്രണയികളുടെയും
നിഗൂഢതകള്‍ മനസ്സിലാകൂ. ' എന്നു റൂമി പറയുന്നതും അതുകൊണ്ടുതന്നെ.

Tuesday, July 13, 2010

മേഘ സന്ദേശം

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ജനലിലൂടെ അരിച്ചെത്തിയ നിലാവില്‍ ആകാശത്ത്‌ ഒഴുകിനടക്കാറുള്ള ആ കുഞ്ഞു മേഘം എന്നെത്തന്നെ നോക്കുന്നതു കണ്ടു.പിന്നെ അതിന്റെ മുഴക്കമുള്ള ശബ്ദത്തില്‍ എന്നോടു മന്ത്രിച്ചു " നീ എന്തിനാണ് ഇങ്ങിനെ അസ്വസ്ഥയാകുന്നത് ? എല്ലാ നേട്ടങ്ങുടെയും കൂടെ ഒരു തീരാനഷ്ടവും ഉണ്ടെന്നു മനസ്സിലാക്കുക. ഏതൊരു മനുഷ്യന്റെയും ജനനം മുതല്‍ മരണം വരെ ഈ നേട്ടവും നഷ്ടവും ഇണപിരിയാതെ കൂടെത്തന്നെയുണ്ട്.നേട്ടങ്ങളില്‍ മതിമറക്കുന്ന നാം നഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കാറില്ല ഒരിക്കലും . ഓരോ കുഞ്ഞും ജനിച്ചുവീഴുന്ന നിമിഷം ഈ ഭൂമിയും അതിലെ സുഖ ദുഖങ്ങളും സ്വന്തമാകുന്നു. എന്നാല്‍ അത്രനാളും സംരക്ഷണം നല്‍കിയ അമ്മയുടെ ഗര്‍ഭപാത്രം എന്നെന്നേക്കുമായി നഷ്ടമാകുന്നു. മരണത്തിലും ഇതുതന്നെ സംഭവിക്കുന്നു.മരണം മറ്റൊരു തലത്തിലെക്കുള്ള യാത്രയാണ്. ഒരിക്കല്‍ പിരിഞ്ഞുപോന്ന പരമാത്മാവിലേക്ക് ആത്മാവ് തിരിച്ചെത്തുമ്പോള്‍ അത്രനാളും തനിക്കു വാഹനമായിരുന്ന ശരീരം ഉള്‍പ്പെടെയുള്ള എല്ലാ ഭൌതിക സുഖങ്ങളും ഈ നിത്യഹരിത ഭൂമിയും അതിനു നഷ്ടമാകുന്നു. അതുകൊണ്ട് നേട്ടങ്ങളില്‍ അമിതമായി സന്തോഷിക്കാതെയും,നഷ്ടങ്ങളില്‍ ദുഖിക്കാതെയും ഇരിക്കൂ. ഏറിയും കുറഞ്ഞും ഇത് എല്ലാവരിലും ഉള്ളതുതന്നെ "