പ്രണയം ജീവിതം,പ്രണയനഷ്ടം മരണവും....

Wednesday, July 28, 2010

പ്രണയവും സ്വാര്‍ഥതയും

പ്രണയത്തില്‍ സ്വാര്‍ഥതയ്ക്ക് സ്ഥാനമില്ലെന്ന് നീ . പ്രകൃതിയിലേക്ക് നോക്കാനും ... നീ വീണ്ടും കടലിനെയും ആകാശത്തെയും ഉപമയ്ക്കായി കൂട്ട് പിടിക്കുന്നു. എന്നാല്‍ ഞാന്‍ പറയുന്നു സ്വാര്‍ഥതയില്ലാത്ത പ്രണയത്തില്‍ ആത്മാര്ധതയില്ലെന്ന് . ആരു പറഞ്ഞു കടലും ആകാശവും തമ്മിലുള്ള പ്രണയത്തില്‍ സ്വാര്‍ഥത ഇല്ലെന്ന് ? കടലിന്റെ പ്രണയം നീരാവിയായി ആകാശത്തിനു കൊടുക്കുന്നതിനു പകരം തണുത്തുറഞ്ഞു ഹിമമായിരിക്കുമ്പോള്‍ കാണുന്നില്ലേ തിരിച്ചും പ്രണയം വര്ഷിക്കാതെ ആകാശം മുഖം വീര്‍പ്പിച്ചു നില്‍ക്കുന്നത്?
പ്രണയത്തില്‍ സ്വാര്‍ഥത ഇല്ലാതാകുന്നത് പ്രണയത്തിന്റെ ക്ഷയത്തെ അല്ലെ സൂചിപ്പിക്കുന്നത്? നിന്റെ ഫോണ്‍ വരുന്ന സമയത്ത് എന്റെ ഫോണില്‍ മറ്റാരെങ്കിലും സംസാരിക്കുകയാണെങ്കില്‍ പോലും നിനക്കു സഹിക്കില്ലായിരുന്നു. അന്ന് ഞാന്‍ ഒരുപാട് പിണങ്ങീ , പോസ്സസ്സീവ് നെസ് ഇത്രയ്ക്കു പാടില്ല എന്ന് പറഞ്ഞു. ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു , നീ ഒന്ന് പിണങ്ങിയെങ്കില്‍ എന്ന് .

Monday, July 26, 2010

പ്രണയത്തിനു സൂത്രവാക്യങ്ങളില്ല

പ്രയിക്കുന്നതിനും പ്രയിക്കപ്പെടുന്നതിനും പ്രത്യേക സൂത്രവാക്യങ്ങളൊന്നും ഇല്ലെന്നു നീ . അത് ആത്മാവുകളുടെ പരസ്പരമുള്ള കണ്ടെത്തലാണെന്നും . അതുകൊണ്ടല്ലേ യഥാര്‍ഥ പ്രണയികള്‍ പരസ്പരം ഒരിക്കല്‍ പോലും നേരിട്ടുകാമെന്നു നിര്‍ബന്ധമില്ലാത്തത്. നീ വീണ്ടും മേ -ജിബ്രാന്‍ ഉദാഹരണം പറഞ്ഞു.
അത് പറയുമ്പോഴും അന്ന് നമ്മളും പരസ്പരം കണ്ടിരുന്നില്ല എന്ന് നീ മറന്നുപോയിരുന്നു. നമ്മള്‍ എന്നേ പരസ്പരം കണ്ടറിഞ്ഞവര്‍ എന്നായിരുന്നല്ലോ നമ്മുടെ ഭാവം .

ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ ശബ്ദം ഞാന്‍ നിന്നെ ഫോണിലൂടെ കേള്‍പ്പിച്ചപ്പോള്‍ നീ അന്ന് ചൊല്ലി "നീ കൈനീട്ടി ആ മഴ ഒന്ന് നനയൂ ..അപ്പോള്‍ എനിക്കും ഇവിടെ ഇരുന്നു ആ മഴയുടെ തണുപ്പനുഭവിക്കാമല്ലോ " .

ഞാന്‍ ഫോണിലൂടെ നിര്‍ത്താതെ സംസാരിച്ചുകൊണ്ടേ ഇരുന്നു . നീ മൂളിക്കൊണ്ടും. ഞാന്‍ മാത്രം എന്തിനിങ്ങനെ വായിട്ടലക്കുന്നു എന്നു പിന്നീടു ഞാന്‍ പരിഭവിച്ചപ്പോള്‍ നീ വീണ്ടും ജലാലുദ്ദീന്‍ റൂമിയെ കൂട്ടുപിടിച്ചു "അധരങ്ങള്‍ മൌനിയാകുമ്പോള്‍ ഹൃദയത്തിനായിരം നാവുണരുന്നു.നീ എന്റെ സമുദ്രത്തിലെ ഒരു തുള്ളിയാണ്.പിന്നെന്തിനീ വാചാലത?!"

Saturday, July 24, 2010

മനസ്സ് അസ്വസ്ഥമാകുന്നു ...

ഇന്നെന്റെ മനസ്സു വല്ലാതെ അസ്വസ്ഥമാണല്ലോ ... ഒന്നിലും മനസുറച്ചു നില്‍ക്കുന്നില്ല.എന്താണീ അസ്വസ്ഥതയ്ക്ക് കാരണം എന്നു മനസ്സിലാകുന്നുമില്ല. ഞാന്‍ നിന്റെ പഴയ കത്തുകള്‍ പരതട്ടെ...

"വീശുന്ന ഓരോ കാറ്റും നിന്റെ സുഗന്ധവുമായി വന്നെത്തുന്നു.
പാടുന്ന ഓരോ പക്ഷിയും നിന്റെ നാമം എന്നോട് പറയുന്നു.
ഓരോ സ്വപ്നത്തിലും നിന്റെ മുഖം എനിക്ക് കാണാവുന്നു.
നിന്മുഖത്തെക്കുള്ള ഓരോനോട്ടവും എന്റെ മനസ്സില്‍ മുദ്രണം ചെയ്യുന്നു.
അകലെയായാലും,അരികിലായാലും,ഞാന്‍ നിന്റെതാണ് ,നിന്റേതു മാത്രമാണ് .
നീ എവിടെയായിരുന്നാലും നിന്റെ ദുഃഖങ്ങള്‍ എന്റെതുമാണ്..."

അന്ന് നമ്മള്‍ റൂമിയുടെ 'പുല്ലാങ്കുഴലിന്റെ ദുഃഖ 'ത്തെ ക്കുറിച്ച് ഏറെ ഫോണിലൂടെ ചര്‍ച്ചചെയ്തു .സ്വന്തം കൂട്ടത്തില്‍ നിന്നും അടര്‍ന്നുപോന്ന പുല്ലാങ്കുഴലിന്റെ വേദന ...അതിന്റെ സുഷിരത്തിലൂടെ പുറത്തുവരുന്നത് സംഗീതമല്ലാ, ആത്മാവിന്റെ വേദന അഥവാ മഹത്തായ പ്രണയമാണെന്നു നീ സമര്‍ദ്ധിച്ചു .

ഇന്നും പക്ഷി പാടുന്നു ...കാറ്റു വീശുന്നു...പക്ഷെ നീയും ഞാനും ... ?!

Friday, July 23, 2010

നിനക്കായി...

എന്റെ ആദ്യ പുസ്തകം അടങ്ങിയ പാര്‍സല്‍ കിട്ടാനായി നീ കാത്തിരുന്നത് ഇന്നലെയെന്നപോലെ ഓര്‍മ്മ വരുന്നു.എന്തുകൊണ്ടോ കൊറിയര്‍ സര്‍വീസുകാര്‍ നമ്മള്‍ പ്രതീക്ഷിച്ചതിലും വൈകിയാണ് അത് നിന്റെ കയ്യില്‍ എത്തിച്ചത്. കാത്തിരിപ്പ് ആകാംക്ഷ കൂട്ടുന്നു എന്നും അതൊരു സുഖമുള്ള അവസ്ഥയാണെന്നും നീ ...
പുസ്തകം നിന്റെ കയ്യില്‍ കിട്ടിയപ്പോള്‍ നിനക്കുണ്ടായ നിരാശ... നിന്റെ ഉള്ളില്‍ എന്നെക്കുറിച്ച് നീ ഉണ്ടാക്കിയ ചിത്രത്തിനു നേര്‍വിപരീതമായിരുന്നല്ലോ ആ പുസ്തകത്തിലെ എന്റ കവിതകള്‍ നല്‍കുന്ന ചിത്രം . കാല്‍പ്പനികത തൊട്ടുതീണ്ടാത്ത , തികച്ചും കാലികമായ , സമൂഹത്തിലെ അരുതായ്മകളോട് കയര്‍ക്കുന്ന എന്നെയാണ് നിനക്കതില്‍ കാണാന്‍ കഴിഞ്ഞതെന്ന് നീ . 'ആത്മം' എന്ന കവിതയിലൊ
ഴിച്ചു മറ്റെങ്ങും നിനക്ക് നിന്നെ കണ്ടെത്താനായില്ലെന്നും ബാക്കിയെല്ലാം മറ്റാര്‍ക്കോ വേണ്ടി എഴുതിയവയാണെന്നും നീ അന്ന് പരിഭവിച്ചു. അന്ന് ഞാന്‍ വാക്ക് തന്നിരുന്നു,നിനക്കായി മാത്രം ഞാനെഴുതാം മറ്റൊന്ന് എന്ന്.

ഇന്ന് ഞാന്‍ നിനക്കായി മാത്രം എഴുതുന്നു , അത് വായിക്കാന്‍ നീ എവിടെ ??

Thursday, July 22, 2010

വൈരുധ്യമില്ലാത്തതോ പ്രശ്നം ?



ജലാലുദ്ദീന്‍ റൂമി പറയുന്നു
"മറഞ്ഞിരിക്കുന്ന വസ്തുക്കള്‍
വൈരുധ്യങ്ങളാല്‍ പ്രത്യക്ഷമാകുന്നു ;
ഇരുട്ടിനാല്‍ വെളിച്ചമെന്നപോലെ " .

പ്രണയത്തിനും ഇതു ബാധകമാണല്ലോ!
നമുക്കിടയില്‍
വൈരുധ്യങ്ങള്‍ ഇല്ലാത്തതു കൊണ്ടാണോ പ്രണയം മറഞ്ഞിരിക്കുന്നത് ?
പ്രണയികളുടെ ഹൃദയങ്ങള്‍ തമ്മില്‍ സംവദിക്കാന്‍ ഒരു കിളിവാതിലുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ ഞാന്‍ അതിശയിക്കുന്നു , നമ്മുടെ ഹൃദയങ്ങള്‍ക്കിടയില്‍ ഒരു മറപോലുമില്ലല്ലോ ,പിന്നെങ്ങിനെ കിളിവാതില്‍ ?!

Wednesday, July 21, 2010

ചട്ടക്കൂടുകളില്‍ പെടുത്താതിരിക്കാം...

കാറിലെ മ്യൂസിക് പ്ലെയറില്‍ നിന്നും ഒഴുകിയെത്തിയ 'കാള്‍ ഓഫ് വാലി 'യില്‍ നമ്മള്‍ പൂര്‍ണ്ണമായും അലിഞ്ഞിരുന്നു.പണ്ഡിറ്റ്‌ ശിവകുമാര്‍ ശര്‍മയും ഹരിപ്രസാദ് ചൌരസ്യയും ബ്രിജ്ഭുഷന്‍ കാബ്രയും മത്സരിച്ചു വായിക്കുന്നു. ഇടയ്ക്കെപ്പോഴോ ഞാന്‍ നിന്നോട് ചോദിച്ചു
"ഇതേതു രാഗമാണെന്ന് പറയാമോ ?"
"നമ്മളെ ഇന്നലെകളിലേക്കു കൊണ്ടുപോകുന്ന രാഗം "
നിന്റെ മറുപടിയില്‍ തൃപ്തയാകാതെ ഞാനന്ന് 'ഭൂപും' 'മോഹനവും' തമ്മിലുള്ള ബന്ധത്തെ കുറിച്ചും ,കര്‍ണാട്ടിക്കിലെ കല്യാണി രാഗവും ഹിന്ദുസ്ഥാനിയിലെ യമന്‍ രാഗവും എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും മറ്റും നിന്നെ പഠിപ്പിക്കാന്‍ ശ്രമിച്ചു.അന്നു നീ പറഞ്ഞതിന്നും ഞാന്‍ ഓര്‍ക്കുന്നു.
"സംഗീതം ആസ്വദിക്കാന്‍ രാഗങ്ങളെക്കുറിച്ചുള്ള അറിവ് ആവശ്യമില്ല. പ്രകൃതിയിലേക്ക് കാതു തുറക്കൂ . സ്വരസ്ഥാനങ്ങള്‍ ചിട്ടപ്പെടുത്തിയാണോ കയില്‍ കൂവുന്നത് ? പുഴ ഒഴുകുന്നത്‌?മുളങ്കാട്‌ പാടുന്നത്?തോണിക്കാരന്റെ പാട്ടുകേള്‍ക്കൂ . അയാള്‍ രാഗം ചിട്ടപ്പെടുത്തിയാണോ പാടുന്നത്? നിരക്ഷരരായ ആദിവാസികളുടെ പാട്ടും നൃത്തവും നോക്കൂ ... അവര്‍ ഒരു ഫ്രെയിമുകള്‍ക്കും അകത്തല്ല. അതാണ്‌ അവരുടെ കലയുടെ ജീവനും.
കവിതകള്‍ വൃത്തവും,അലങ്കാരവും നോക്കി വേണം എഴുതാന്‍ എന്ന് പറയുന്നത് പോലെ തന്നെയാണ് സംഗീതം ആലപിക്കാന്‍ , ആസ്വദിക്കാന്‍ രാഗം അറിയണം എന്ന് പറയുന്നത്.നമുക്ക് സംഗീതത്തെ
, സാഹിത്യത്തെ , കലയെ ചട്ടക്കൂടുകളില്‍ ഒതുക്കി ശ്വാസം മുട്ടിക്കാതിരിക്കാം ..."
നീ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാനത് മുഴുമിപ്പിച്ചു
"പ്രണയത്തേയും..."

Tuesday, July 20, 2010

പ്രണയത്തിന്റെ പാരമ്യതയോ ?!

പ്രണയം അതിന്റെ ഉച്ചിയിലെത്തിയാല്‍ പിന്നെ നമ്മള്‍ എങ്ങോട്ട് .. ഈ ചോദ്യം വീണ്ടും എന്നെ വലയ്ക്കുന്നു. താഴേയ്ക്കുരുട്ടിയിട്ടു വീണ്ടും ഉന്തിക്കയറ്റാന്‍ പറ്റുമായിരുന്നെങ്കില്‍ നമുക്കും നാറാണത്തുഭ്രാന്തനെപ്പോലെ ആദ്യം മുതല്‍ തുടങ്ങാമായിരുന്നു ...പക്ഷെ പ്രണയം ഒരു കല്ലല്ലല്ലോ !

ഏതൊരു പ്രണയത്തിന്റെയും പാരമ്യത്തില്‍ ഉണ്ടാകുന്ന സ്വാഭാവിക മരവിപ്പാണോ ഇതും ? നമ്മളതു തിരിച്ചറിയാത്തതാണോ പ്രശ്നം ? എനിക്കൊന്നും മനസ്സിലാകുന്നില്ല.