പ്രണയം ജീവിതം,പ്രണയനഷ്ടം മരണവും....

Wednesday, July 28, 2010

പ്രണയവും സ്വാര്‍ഥതയും

പ്രണയത്തില്‍ സ്വാര്‍ഥതയ്ക്ക് സ്ഥാനമില്ലെന്ന് നീ . പ്രകൃതിയിലേക്ക് നോക്കാനും ... നീ വീണ്ടും കടലിനെയും ആകാശത്തെയും ഉപമയ്ക്കായി കൂട്ട് പിടിക്കുന്നു. എന്നാല്‍ ഞാന്‍ പറയുന്നു സ്വാര്‍ഥതയില്ലാത്ത പ്രണയത്തില്‍ ആത്മാര്ധതയില്ലെന്ന് . ആരു പറഞ്ഞു കടലും ആകാശവും തമ്മിലുള്ള പ്രണയത്തില്‍ സ്വാര്‍ഥത ഇല്ലെന്ന് ? കടലിന്റെ പ്രണയം നീരാവിയായി ആകാശത്തിനു കൊടുക്കുന്നതിനു പകരം തണുത്തുറഞ്ഞു ഹിമമായിരിക്കുമ്പോള്‍ കാണുന്നില്ലേ തിരിച്ചും പ്രണയം വര്ഷിക്കാതെ ആകാശം മുഖം വീര്‍പ്പിച്ചു നില്‍ക്കുന്നത്?
പ്രണയത്തില്‍ സ്വാര്‍ഥത ഇല്ലാതാകുന്നത് പ്രണയത്തിന്റെ ക്ഷയത്തെ അല്ലെ സൂചിപ്പിക്കുന്നത്? നിന്റെ ഫോണ്‍ വരുന്ന സമയത്ത് എന്റെ ഫോണില്‍ മറ്റാരെങ്കിലും സംസാരിക്കുകയാണെങ്കില്‍ പോലും നിനക്കു സഹിക്കില്ലായിരുന്നു. അന്ന് ഞാന്‍ ഒരുപാട് പിണങ്ങീ , പോസ്സസ്സീവ് നെസ് ഇത്രയ്ക്കു പാടില്ല എന്ന് പറഞ്ഞു. ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു , നീ ഒന്ന് പിണങ്ങിയെങ്കില്‍ എന്ന് .

Monday, July 26, 2010

പ്രണയത്തിനു സൂത്രവാക്യങ്ങളില്ല

പ്രയിക്കുന്നതിനും പ്രയിക്കപ്പെടുന്നതിനും പ്രത്യേക സൂത്രവാക്യങ്ങളൊന്നും ഇല്ലെന്നു നീ . അത് ആത്മാവുകളുടെ പരസ്പരമുള്ള കണ്ടെത്തലാണെന്നും . അതുകൊണ്ടല്ലേ യഥാര്‍ഥ പ്രണയികള്‍ പരസ്പരം ഒരിക്കല്‍ പോലും നേരിട്ടുകാമെന്നു നിര്‍ബന്ധമില്ലാത്തത്. നീ വീണ്ടും മേ -ജിബ്രാന്‍ ഉദാഹരണം പറഞ്ഞു.
അത് പറയുമ്പോഴും അന്ന് നമ്മളും പരസ്പരം കണ്ടിരുന്നില്ല എന്ന് നീ മറന്നുപോയിരുന്നു. നമ്മള്‍ എന്നേ പരസ്പരം കണ്ടറിഞ്ഞവര്‍ എന്നായിരുന്നല്ലോ നമ്മുടെ ഭാവം .

ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ ശബ്ദം ഞാന്‍ നിന്നെ ഫോണിലൂടെ കേള്‍പ്പിച്ചപ്പോള്‍ നീ അന്ന് ചൊല്ലി "നീ കൈനീട്ടി ആ മഴ ഒന്ന് നനയൂ ..അപ്പോള്‍ എനിക്കും ഇവിടെ ഇരുന്നു ആ മഴയുടെ തണുപ്പനുഭവിക്കാമല്ലോ " .

ഞാന്‍ ഫോണിലൂടെ നിര്‍ത്താതെ സംസാരിച്ചുകൊണ്ടേ ഇരുന്നു . നീ മൂളിക്കൊണ്ടും. ഞാന്‍ മാത്രം എന്തിനിങ്ങനെ വായിട്ടലക്കുന്നു എന്നു പിന്നീടു ഞാന്‍ പരിഭവിച്ചപ്പോള്‍ നീ വീണ്ടും ജലാലുദ്ദീന്‍ റൂമിയെ കൂട്ടുപിടിച്ചു "അധരങ്ങള്‍ മൌനിയാകുമ്പോള്‍ ഹൃദയത്തിനായിരം നാവുണരുന്നു.നീ എന്റെ സമുദ്രത്തിലെ ഒരു തുള്ളിയാണ്.പിന്നെന്തിനീ വാചാലത?!"

Saturday, July 24, 2010

മനസ്സ് അസ്വസ്ഥമാകുന്നു ...

ഇന്നെന്റെ മനസ്സു വല്ലാതെ അസ്വസ്ഥമാണല്ലോ ... ഒന്നിലും മനസുറച്ചു നില്‍ക്കുന്നില്ല.എന്താണീ അസ്വസ്ഥതയ്ക്ക് കാരണം എന്നു മനസ്സിലാകുന്നുമില്ല. ഞാന്‍ നിന്റെ പഴയ കത്തുകള്‍ പരതട്ടെ...

"വീശുന്ന ഓരോ കാറ്റും നിന്റെ സുഗന്ധവുമായി വന്നെത്തുന്നു.
പാടുന്ന ഓരോ പക്ഷിയും നിന്റെ നാമം എന്നോട് പറയുന്നു.
ഓരോ സ്വപ്നത്തിലും നിന്റെ മുഖം എനിക്ക് കാണാവുന്നു.
നിന്മുഖത്തെക്കുള്ള ഓരോനോട്ടവും എന്റെ മനസ്സില്‍ മുദ്രണം ചെയ്യുന്നു.
അകലെയായാലും,അരികിലായാലും,ഞാന്‍ നിന്റെതാണ് ,നിന്റേതു മാത്രമാണ് .
നീ എവിടെയായിരുന്നാലും നിന്റെ ദുഃഖങ്ങള്‍ എന്റെതുമാണ്..."

അന്ന് നമ്മള്‍ റൂമിയുടെ 'പുല്ലാങ്കുഴലിന്റെ ദുഃഖ 'ത്തെ ക്കുറിച്ച് ഏറെ ഫോണിലൂടെ ചര്‍ച്ചചെയ്തു .സ്വന്തം കൂട്ടത്തില്‍ നിന്നും അടര്‍ന്നുപോന്ന പുല്ലാങ്കുഴലിന്റെ വേദന ...അതിന്റെ സുഷിരത്തിലൂടെ പുറത്തുവരുന്നത് സംഗീതമല്ലാ, ആത്മാവിന്റെ വേദന അഥവാ മഹത്തായ പ്രണയമാണെന്നു നീ സമര്‍ദ്ധിച്ചു .

ഇന്നും പക്ഷി പാടുന്നു ...കാറ്റു വീശുന്നു...പക്ഷെ നീയും ഞാനും ... ?!

Friday, July 23, 2010

നിനക്കായി...

എന്റെ ആദ്യ പുസ്തകം അടങ്ങിയ പാര്‍സല്‍ കിട്ടാനായി നീ കാത്തിരുന്നത് ഇന്നലെയെന്നപോലെ ഓര്‍മ്മ വരുന്നു.എന്തുകൊണ്ടോ കൊറിയര്‍ സര്‍വീസുകാര്‍ നമ്മള്‍ പ്രതീക്ഷിച്ചതിലും വൈകിയാണ് അത് നിന്റെ കയ്യില്‍ എത്തിച്ചത്. കാത്തിരിപ്പ് ആകാംക്ഷ കൂട്ടുന്നു എന്നും അതൊരു സുഖമുള്ള അവസ്ഥയാണെന്നും നീ ...
പുസ്തകം നിന്റെ കയ്യില്‍ കിട്ടിയപ്പോള്‍ നിനക്കുണ്ടായ നിരാശ... നിന്റെ ഉള്ളില്‍ എന്നെക്കുറിച്ച് നീ ഉണ്ടാക്കിയ ചിത്രത്തിനു നേര്‍വിപരീതമായിരുന്നല്ലോ ആ പുസ്തകത്തിലെ എന്റ കവിതകള്‍ നല്‍കുന്ന ചിത്രം . കാല്‍പ്പനികത തൊട്ടുതീണ്ടാത്ത , തികച്ചും കാലികമായ , സമൂഹത്തിലെ അരുതായ്മകളോട് കയര്‍ക്കുന്ന എന്നെയാണ് നിനക്കതില്‍ കാണാന്‍ കഴിഞ്ഞതെന്ന് നീ . 'ആത്മം' എന്ന കവിതയിലൊ
ഴിച്ചു മറ്റെങ്ങും നിനക്ക് നിന്നെ കണ്ടെത്താനായില്ലെന്നും ബാക്കിയെല്ലാം മറ്റാര്‍ക്കോ വേണ്ടി എഴുതിയവയാണെന്നും നീ അന്ന് പരിഭവിച്ചു. അന്ന് ഞാന്‍ വാക്ക് തന്നിരുന്നു,നിനക്കായി മാത്രം ഞാനെഴുതാം മറ്റൊന്ന് എന്ന്.

ഇന്ന് ഞാന്‍ നിനക്കായി മാത്രം എഴുതുന്നു , അത് വായിക്കാന്‍ നീ എവിടെ ??

Thursday, July 22, 2010

വൈരുധ്യമില്ലാത്തതോ പ്രശ്നം ?ജലാലുദ്ദീന്‍ റൂമി പറയുന്നു
"മറഞ്ഞിരിക്കുന്ന വസ്തുക്കള്‍
വൈരുധ്യങ്ങളാല്‍ പ്രത്യക്ഷമാകുന്നു ;
ഇരുട്ടിനാല്‍ വെളിച്ചമെന്നപോലെ " .

പ്രണയത്തിനും ഇതു ബാധകമാണല്ലോ!
നമുക്കിടയില്‍
വൈരുധ്യങ്ങള്‍ ഇല്ലാത്തതു കൊണ്ടാണോ പ്രണയം മറഞ്ഞിരിക്കുന്നത് ?
പ്രണയികളുടെ ഹൃദയങ്ങള്‍ തമ്മില്‍ സംവദിക്കാന്‍ ഒരു കിളിവാതിലുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ ഞാന്‍ അതിശയിക്കുന്നു , നമ്മുടെ ഹൃദയങ്ങള്‍ക്കിടയില്‍ ഒരു മറപോലുമില്ലല്ലോ ,പിന്നെങ്ങിനെ കിളിവാതില്‍ ?!

Wednesday, July 21, 2010

ചട്ടക്കൂടുകളില്‍ പെടുത്താതിരിക്കാം...

കാറിലെ മ്യൂസിക് പ്ലെയറില്‍ നിന്നും ഒഴുകിയെത്തിയ 'കാള്‍ ഓഫ് വാലി 'യില്‍ നമ്മള്‍ പൂര്‍ണ്ണമായും അലിഞ്ഞിരുന്നു.പണ്ഡിറ്റ്‌ ശിവകുമാര്‍ ശര്‍മയും ഹരിപ്രസാദ് ചൌരസ്യയും ബ്രിജ്ഭുഷന്‍ കാബ്രയും മത്സരിച്ചു വായിക്കുന്നു. ഇടയ്ക്കെപ്പോഴോ ഞാന്‍ നിന്നോട് ചോദിച്ചു
"ഇതേതു രാഗമാണെന്ന് പറയാമോ ?"
"നമ്മളെ ഇന്നലെകളിലേക്കു കൊണ്ടുപോകുന്ന രാഗം "
നിന്റെ മറുപടിയില്‍ തൃപ്തയാകാതെ ഞാനന്ന് 'ഭൂപും' 'മോഹനവും' തമ്മിലുള്ള ബന്ധത്തെ കുറിച്ചും ,കര്‍ണാട്ടിക്കിലെ കല്യാണി രാഗവും ഹിന്ദുസ്ഥാനിയിലെ യമന്‍ രാഗവും എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും മറ്റും നിന്നെ പഠിപ്പിക്കാന്‍ ശ്രമിച്ചു.അന്നു നീ പറഞ്ഞതിന്നും ഞാന്‍ ഓര്‍ക്കുന്നു.
"സംഗീതം ആസ്വദിക്കാന്‍ രാഗങ്ങളെക്കുറിച്ചുള്ള അറിവ് ആവശ്യമില്ല. പ്രകൃതിയിലേക്ക് കാതു തുറക്കൂ . സ്വരസ്ഥാനങ്ങള്‍ ചിട്ടപ്പെടുത്തിയാണോ കയില്‍ കൂവുന്നത് ? പുഴ ഒഴുകുന്നത്‌?മുളങ്കാട്‌ പാടുന്നത്?തോണിക്കാരന്റെ പാട്ടുകേള്‍ക്കൂ . അയാള്‍ രാഗം ചിട്ടപ്പെടുത്തിയാണോ പാടുന്നത്? നിരക്ഷരരായ ആദിവാസികളുടെ പാട്ടും നൃത്തവും നോക്കൂ ... അവര്‍ ഒരു ഫ്രെയിമുകള്‍ക്കും അകത്തല്ല. അതാണ്‌ അവരുടെ കലയുടെ ജീവനും.
കവിതകള്‍ വൃത്തവും,അലങ്കാരവും നോക്കി വേണം എഴുതാന്‍ എന്ന് പറയുന്നത് പോലെ തന്നെയാണ് സംഗീതം ആലപിക്കാന്‍ , ആസ്വദിക്കാന്‍ രാഗം അറിയണം എന്ന് പറയുന്നത്.നമുക്ക് സംഗീതത്തെ
, സാഹിത്യത്തെ , കലയെ ചട്ടക്കൂടുകളില്‍ ഒതുക്കി ശ്വാസം മുട്ടിക്കാതിരിക്കാം ..."
നീ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാനത് മുഴുമിപ്പിച്ചു
"പ്രണയത്തേയും..."

Tuesday, July 20, 2010

പ്രയാണത്തിന്റെ പാരമ്യതയോ ?!

പ്രണയം അതിന്റെ ഉച്ചിയിലെത്തിയാല്‍ പിന്നെ നമ്മള്‍ എങ്ങോട്ട് .. ഈ ചോദ്യം വീണ്ടും എന്നെ വലയ്ക്കുന്നു. താഴേയ്ക്കുരുട്ടിയിട്ടു വീണ്ടും ഉന്തിക്കയറ്റാന്‍ പറ്റുമായിരുന്നെങ്കില്‍ നമുക്കും നാറാണത്തുഭ്രാന്തനെപ്പോലെ ആദ്യം മുതല്‍ തുടങ്ങാമായിരുന്നു ...പക്ഷെ പ്രണയം ഒരു കല്ലല്ലല്ലോ !

ഏതൊരു പ്രയാണത്തിന്റെയും പാരമ്യത്തില്‍ ഉണ്ടാകുന്ന സ്വാഭാവിക മരവിപ്പാണോ ഇതും ? നമ്മളതു തിരിച്ചറിയാത്തതാണോ പ്രശ്നം ? എനിക്കൊന്നും മനസ്സിലാകുന്നില്ല.

Saturday, July 17, 2010

പ്രണയം ജീവനം

ഓര്‍ക്കുട്ടില്‍ നമ്മുടെ സുഹൃത്തിന്റെ 'ജീവനം' എന്ന കവിതയിന്മേല്‍ നടന്ന ചര്‍ച്ച നീ ഓര്‍ക്കുന്നുവോ ...
ആ കവിതയ്ക്ക് ജീവനം എന്ന പേര് നിര്‍ദ്ദേശിച്ചത് ഞാനായിരുന്നു .ആ വാക്കിനെകുറിച്ചുള്ള ചര്‍ച്ചയില്‍ ഞാനന്ന് പറഞ്ഞു "ജീവ്യതെ അനേന ഇതി ജീവനം ...
ജീവിയ്കാന്‍ ആവശ്യമായത് എന്തോ അത് ജീവനം ..ഈ അര്‍ഥത്തില്‍ വായു .ജലം .ഭക്ഷണം തുടങ്ങി ജീവിക്കാന്‍ ആവശ്യമായ എന്തും ജീവനം ആണ് ..പഞ്ചഭൂതങ്ങളെയും ജീവനം എന്ന് വിളിയ്കാം..

ചിലര്‍ക്കെങ്കിലും ജീവിക്കാന്‍ പ്രണയം ആവശ്യമാകാറുണ്ട്.എങ്കില്‍ പ്രണയത്തെയും ജീവനം എന്ന് നമുക്ക് വിളിയ്കാം.. "
അന്ന് എന്റെ വാദം ഒരുപാട് തര്‍ക്കങ്ങള്‍ വിളിച്ചുവരുത്തി. ജീവിക്കാന്‍ പ്രണയം ആവശ്യമാകുന്നതെങ്ങിനെയെന്നായിരുന്നു മറ്റുള്ളവരുടെ വിമര്‍ശനം .

ജീവിക്കുക എന്നാല്‍ എന്താണ് ?വെറുതെ ജീവന്‍ ഉള്ള അവസ്ഥയെ ജീവിതം എന്ന് പറയാനാകുമോ? എങ്കില്‍ ,ആശുപത്രിയില്‍ കൃത്രിമ ഉപകരണങ്ങളുടെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്ന രോഗിയും ജീവിക്കുകയാണ് എന്ന് പറയാമോ ? ജീവന്‍ നിലനിര്‍ത്തല്‍ എന്ന അവസ്ഥയും ജീവിതവും രണ്ടും രണ്ടല്ലേ?

ഞാനിന്നും പറയുന്നു ,എനിക്കുപ്രണയം ജീവനം തന്നെയാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ' പ്രണയം ജീവിതം, പ്രണയനഷ്ടം മരണവും ...' എന്ന്....

Friday, July 16, 2010

ഇനി എങ്ങോട്ട് ?!

നിനക്കോര്‍മ്മയുണ്ടോ എന്നറിയില്ല ,നമ്മുടെ ടക്കാതെപോയ ആഗ്രഹങ്ങള്‍ ...പാടത്തെ ചേറിന്റെ മണം ഒരുമിച്ചനുഭവിക്കുക,കുയിലിന്റെ പാട്ട്‌ ഒരുമിച്ചു കേള്‍ക്കുക,ഒരുമിച്ചു ലക്ഷ്യമില്ലാതെ യാത്രചെയ്യുക , അങ്ങിനെ,അങ്ങിനെ...നമ്മള്‍ പോലും പ്രതീക്ഷിക്കാത്തത്ര വേഗത്തില്‍ അവയെല്ലാം ഒന്നൊന്നായി അനുഭവിക്കാനിടയായപ്പോള്‍ ആഹ്ലാദത്തേക്കാള്‍ ഏറെ എനിക്കു തോന്നിയത് ആശങ്കയായിരുന്നു .അന്ന് , കൊയ്യാറായ പാടത്തിനരികില്‍ ദൂരെനിന്നും ഓടി വരുന്ന മഴകണ്ടുകൊണ്ട് , ഒരുകുടക്കീഴില്‍ ചാഞ്ഞു പെയ്യുന്ന മഴയില്‍ പാതിയും നനഞ്ഞു നില്‍ക്കുമ്പോള്‍ നമുക്ക് ഒരുമിച്ചനുഭവിക്കാന്‍ പറ്റാതെപോയതെല്ലാം തിരിച്ചുകിട്ടുന്നതിന്റെ ആവേശത്തിലായിരുന്നു നീ. എന്നാല്‍ എന്തിനാണ് ഈ സൌഭാഗ്യങ്ങളെല്ലാം നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ത്തന്നെ ലഭ്യമാക്കുന്നത് എന്ന ആശങ്കയായിരുന്നു എനിയ്ക്ക് .ഇത്രവേഗം ഇതെല്ലാം ഒരുമിച്ചു തന്ന് ഈശ്വരന്‍ വേഗം പണിതീര്‍ക്കുകയാണോ എന്ന ഭയമായിരുന്നു എനിക്ക്. നമുക്ക് ഒരുമിച്ചനുഭവിക്കാനാവാതെ പോയ ബാല്യ കൌമാരങ്ങളിലെ മോഹങ്ങള്‍ നമ്മള്‍ പരസ്പരം കണ്ടെത്തിയപ്പോള്‍ ആ പരാശക്തി നമുക്ക് തരുന്നതാണെന്ന് അന്നു നീ എന്നെ ആശ്വസിപ്പിച്ചു.

ഇന്ന് ഞാന്‍ വീണ്ടും ഭയക്കുന്നു , എല്ലാം അത്രവേഗം അനുഭവിച്ചുതീര്‍ത്തതല്ലേ ന്നത്തെ നിന്റെ ഈ മരവിപ്പിനു കാരണം എന്നു ഞാന്‍ ആകുലപ്പെടുന്നു. പ്രണയത്തിന്റെ ഉച്ചിയില്‍ എത്തിയാല്‍ പിന്നെ നമ്മള്‍ എങ്ങോട്ടുപോകാന്‍ !!

Thursday, July 15, 2010

മൌനം വാചാലം


ചിലപ്പോള്‍ കുറ്റം എന്റെ തന്നെയാകാം. പ്രണയത്തില്‍ ആത്മാഭിമാനത്തിന് സ്ഥാനമില്ല. ഞാനോ വലുത് നീയോ വലുത് എന്ന മത്സരം വരുമ്പോഴല്ലേ അതിനൊക്കെ സ്ഥാനമുള്ളൂ . ഇന്ന് ഞാന്‍ നിന്നെ വിളിക്കില്ല എന്ന് വാശിപിടിച്ചിരിക്കുമ്പോള്‍ എനിക്കുതന്നെ തോന്നാതെയല്ല ഇത് ദുര്‍വ്വാശിയല്ലേ എന്ന്. എന്നാലും നീ എന്നെ ഇങ്ങനെ അവഗണിക്കുമ്പോള്‍ ഞാനെങ്ങിനെയാണ് വീണ്ടും നിന്നെ വിളിക്കുന്നത്‌?ഞാന്‍ നിനക്കൊരു ഭാരമാകുന്നോ എന്ന ഭയവുമുണ്ട്. പല പതിവുകളും നീ പതുക്കെ പതുക്കെ ഇല്ലാതെയാക്കുന്നു. ദിവസം തുടങ്ങുന്നതും ഒടുങ്ങുന്നതും പരസ്പരം കേട്ടുകൊണ്ടാകണമെന്ന് എന്നെക്കാധികം നിര്‍ബന്ധം നിനക്കായിരുന്നല്ലോ .

ഇന്നലെ
നിന്റെ 'ശുഭരാത്രി'ക്കായി ഞാന്‍ രാവേറെ കാത്തിരുന്നു . എന്നിട്ടും...

ചിലപ്പോഴെങ്കിലും മൌനം വാചാലതയെക്കാള്‍ വാചാലമാകുന്നു അല്ലെ ...
ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ നമ്മുടെ ഭാഷ നമുക്കുള്ളിലുള്ളത് മറയ്ക്കാനും ഉപകരിക്കുമല്ലോ.ഇപ്പോള്‍ ഞാന്‍ മൌനിയായിരുന്നാല്‍ പിന്നീട് മനസ്സു തണുക്കുമ്പോള്‍ എന്റെ മൌനത്തിനെ ആ അവസരത്തിന് ചേരും വിധം എനിക്കു വ്യാഖ്യാനിക്കാമല്ലോ.

മുക്തി ആഗ്രഹിക്കാത്ത വേദന

പ്രണയം മറവിയാണെന്നു നീ . ഞാന്‍ പറയുന്നു പ്രണയം വേദനയാണെന്ന് , വിങ്ങലാണെന്ന് .യഥാര്‍ഥ പ്രണയികള്‍ അത്യാര്‍ത്തിക്കാരാണ് .അവര്‍ക്ക് ഒരിക്കലും തൃപ്തി ഉണ്ടാകുന്നില്ല . എത്രകിട്ടിയാലും പോരാ പോരാ എന്ന തോന്നല്‍ . ദിവസം മുഴുവനും ഒരുമിച്ചിരുന്നാലും തമ്മില്‍ പിരിഞ്ഞാല്‍ കണ്ടിട്ടേയില്ല എന്നതോന്നല്‍ . എത്ര അടുത്താലും ഇനിയും അടുക്കാന്‍ ബാക്കിയുണ്ടെന്ന തോന്നല്‍ . എന്നാല്‍ ഈ വേദനക്കും എന്തു സുഖം!ഈ ഒറ്റ വേദനക്കുവേണ്ടിമാത്രം വീണ്ടും വീണ്ടും ആഗ്രഹം തോന്നുന്നു. ഈ അവസ്ഥയെ തന്നെയല്ലേ 'മുക്തി ആഗ്രഹിക്കാത്ത വേദന' എന്ന് റൂമി പറയുന്നത് ?! മറ്റെല്ലാ വേദനകളും ഇല്ലാതെയാകുമ്പോള്‍ സുഖം കിട്ടുന്നു . പ്രണയം എന്ന വേദന ഉള്ളപ്പോള്‍ സുഖം ,ഇല്ലാതെയായാല്‍ മരണവും ... 'സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് അസൂയ ഉണ്ടാക്കുന്ന വേദന ' എന്ന് ജിബ്രാന്‍ പറഞ്ഞതും ഇത് തന്നെയല്ലേ ?

Wednesday, July 14, 2010

പ്രണയം =ആവര്‍ത്തനം

പ്രയത്തെപ്പറ്റി ആരൊക്കെ ഏതൊക്കെ ഭാഷയില്‍ പറഞ്ഞാലും അത് ആവര്‍ത്തനങ്ങളായി തോന്നുന്നു. എന്തെന്നാല്‍ ഭാഷയും കാലവും മാറിയാലും പ്രണയം എന്ന ഭാവത്തിനു മാറ്റം വരുന്നില്ല. ആത്മാവ് ആത്മാവിനെ തിരിച്ചറിഞ്ഞ് ഒന്നായലിയുന്ന ആ ദിവ്യമായ അനുഭൂതിയുടെ ഭാവം ജലാലുദ്ദീന്‍ റൂമി പറഞ്ഞാലും ഖലീല്‍ ജിബ്രാന്‍ പറഞ്ഞാലും ഓഷോ രജനീഷ് പറഞ്ഞാലും വ്യത്യാസം ഭാഷയിലും പറയുന്ന രീതിയിലും മാത്രം . സാരാംശം എല്ലാം ഒന്നുതന്നെ . അതുതന്നെയാണ് പ്രത്തെപ്പറ്റി ഞാന്‍ പറയുമ്പോള്‍ അത് നിന്റെ എഴുത്തിന്റെ ആവര്‍ത്തനമായി നിനക്ക് തോന്നുന്നതും. പ്രണയവും പ്രണയനഷ്ടവും വാക്കുകള്‍ കൊണ്ടു വര്‍ണ്ണിച്ചാല്‍ ഒരിക്കലും പൂര്‍ണ്ണമാവില്ല. അതനുഭവിക്കുക തന്നെ വേണം.
'പ്രണയത്തെ വിവരിയ്ക്കുമ്പോള്‍
എന്‍റെ ബുദ്ധി
ചേറില്‍പ്പെട്ട കഴുതയെപ്പോലെ
തലകുത്തി വീഴുന്നു .
പ്രണയത്തിനു മാത്രമേ
പ്രണയത്തിന്റേയും,പ്രണയികളുടെയും
നിഗൂഢതകള്‍ മനസ്സിലാകൂ. ' എന്നു റൂമി പറയുന്നതും അതുകൊണ്ടുതന്നെ.

Tuesday, July 13, 2010

മേഘ സന്ദേശം

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ജനലിലൂടെ അരിച്ചെത്തിയ നിലാവില്‍ ആകാശത്ത്‌ ഒഴുകിനടക്കാറുള്ള ആ കുഞ്ഞു മേഘം എന്നെത്തന്നെ നോക്കുന്നതു കണ്ടു.പിന്നെ അതിന്റെ മുഴക്കമുള്ള ശബ്ദത്തില്‍ എന്നോടു മന്ത്രിച്ചു " നീ എന്തിനാണ് ഇങ്ങിനെ അസ്വസ്ഥയാകുന്നത് ? എല്ലാ നേട്ടങ്ങുടെയും കൂടെ ഒരു തീരാനഷ്ടവും ഉണ്ടെന്നു മനസ്സിലാക്കുക. ഏതൊരു മനുഷ്യന്റെയും ജനനം മുതല്‍ മരണം വരെ ഈ നേട്ടവും നഷ്ടവും ഇണപിരിയാതെ കൂടെത്തന്നെയുണ്ട്.നേട്ടങ്ങളില്‍ മതിമറക്കുന്ന നാം നഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കാറില്ല ഒരിക്കലും . ഓരോ കുഞ്ഞും ജനിച്ചുവീഴുന്ന നിമിഷം ഈ ഭൂമിയും അതിലെ സുഖ ദുഖങ്ങളും സ്വന്തമാകുന്നു. എന്നാല്‍ അവനു അത്രനാളും സംരക്ഷണം നല്‍കിയ അമ്മയുടെ ഗര്‍ഭപാത്രം എന്നെന്നേക്കുമായി നഷ്ടമാകുന്നു. മരണത്തിലും ഇതുതന്നെ സംഭവിക്കുന്നു.മരണം മറ്റൊരു തലത്തിലെക്കുള്ള യാത്രയാണ്. ഒരിക്കല്‍ പിരിഞ്ഞുപോന്ന പരമാത്മാവിലേക്ക് ആത്മാവ് തിരിച്ചെത്തുമ്പോള്‍ അത്രനാളും തനിക്കു വാഹനമായിരുന്ന ശരീരം ഉള്‍പ്പെടെയുള്ള എല്ലാ ഭൌതിക സുഖങ്ങളും ഈ നിത്യഹരിത ഭൂമിയും അതിനു നഷ്ടമാകുന്നു. അതുകൊണ്ട് നേട്ടങ്ങളില്‍ അമിതമായി സന്തോഷിക്കാതെയും,നഷ്ടങ്ങളില്‍ ദുഖിക്കാതെയും ഇരിക്കൂ. ഏറിയും കുറഞ്ഞും ഇത് എല്ലാവരിലും ഉള്ളതുതന്നെ "

Monday, July 12, 2010

പ്രണയവും ഭാഷയും

'സത്യത്തില്‍ എന്താണ് പ്രണയം ? കടലും അതിന്റെ ആകാശവും. മണ്ണും മഴയും... അതൊക്കെ ഒരുതരം നിസ്വാര്‍ഥമായ പ്രണയത്തില്‍ ആണെന്ന് തോന്നുന്നു. പക്ഷെ മനുഷ്യന്‍ പ്രണയ മുഖത്തെത്തുമ്പോള്‍ സ്വാര്‍ഥത കലരുന്നു. നീ എന്റേത് എന്ന് പറയുന്നിടത്ത് ഒരു തടവറയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രണയത്തെ പ്രണയിക്കാന്‍ വിടുക. പക്ഷിയെ പോലെ അത് അതിന്റെ വിഹായസ്സില്‍ പറന്നു പറന്ന്...'
അതേ, കടലും അതിന്റെ ആകാശവും ...അവര്‍ നിസ്വാര്ഥമായ പ്രണയത്തില്‍ ആണ്. കടലിന്റെ പ്രണയം എത്രകാലം കഴിഞ്ഞാലും അതിന്റെ ആകാശത്തിനുമാത്രം സ്വന്തം. കടലിനൊരിക്കലും മറ്റൊരാകാശത്തെ പ്രണയിക്കാനാവില്ല.തന്നിലെ അവസാനതുള്ളി ജലവും ഇല്ലാതെയാകും വരേയ്ക്കും തന്റെ പ്രണയം നീരാവിയായി ആകാശത്തിനു നല്കിക്കൊണ്ടേ ഇരിക്കും. ആകാശം
തന്റെ പ്രണയം മഴയായി തിരിച്ചും.അവര്‍ക്കൊരിക്കലും പിരിയാനാകില്ല.സ്വയം ഇല്ലാതെയാകും വരേയ്ക്കും പരസ്പരം പ്രണയിച്ചുകൊണ്ടേ ഇരിക്കും. മനുഷ്യന്‍ മാത്രം പ്രണയത്തിലും കാപട്യം നിറയ്ക്കുന്നു. മനുഷ്യന്‍ മാത്രം സദാ മാറ്റം കൊതിക്കുന്നു. മനുഷ്യനൊഴിച്ച് ലോകത്തിലെ ചരാചരങ്ങള്‍ക്കൊന്നിനും അഭിനയം വശമല്ല. മനുഷ്യനൊഴിച്ച് മറ്റൊരു ശക്തിക്കും കൃത്രിമമായുണ്ടാക്കിയ ഭാഷയിലൂടെ ആശയ വിനിമയം സാധ്യമല്ല. മറ്റെല്ലാ ജീവജാലങ്ങളും, പ്രകൃതിതന്നെയും പ്രകൃതിദത്തമായ രീതിയല്‍ ആശയവിനിമയം നടത്തുമ്പോള്‍ മനുഷ്യന്‍ മാത്രം കൃത്രിമമായി ഉണ്ടാക്കിയ ഭാഷയിലൂടെ ആശയ വിനിമയം നടത്തുന്നു. ഭാഷ രൂപപ്പെട്ടത് അവനവന്റെ ഉള്ളിലുള്ള ആശയം,വികാരം മറ്റുള്ളവരെ അറിയിക്കാനായിട്ടാണെങ്കിലും ഇന്ന് മനുഷ്യര്‍ കൂടുതലായും തന്റെ ഉള്ളിലുള്ള വികാരം മറ്റുള്ളവരില്‍ നിന്നും മറയ്ക്കാനായിട്ടല്ലേ ഭാഷ ഉപയോഗിക്കുന്നത്?! തന്നില്‍ ഇല്ലാതെയായ പ്രണയം ഉണ്ട് എന്നു വിശ്വസിപ്പിക്കാനും അതേ ഭാഷ ഉപയോഗിക്കുന്നു പലപ്പോഴും...

എന്താണീ രാത്രി ഞാന്‍ ഇത്രയേറെ അസ്വസ്ഥയായിരിക്കുന്നത്?സമയം മൂന്നുമണി കഴിഞ്ഞിട്ടും എനിക്കിനിയും ഉറങ്ങാനായിട്ടില്ല . പലവട്ടം കിടന്നു നോക്കിയിട്ടും ഉറക്കം ഇന്നെന്നില്‍ നിന്നും വഴിമാറി പോയിരിക്കുന്നു ! മനസ്സില്‍ എന്തൊക്കെയോ ദുഷ്ച്ചിന്തകള്‍വട്ടമിട്ടു പറക്കുന്നു !!

Sunday, July 11, 2010

ജിബ്രാനും മേസിയാദയും

ഇന്ന് ഞാന്‍ വീണ്ടും ഖലീല്‍ ജിബ്രാനെ വായിച്ചു. ഒരിക്കല്‍ നീ എനിക്ക് സമ്മാനിച്ച പുസ്തകം. അന്നു ഖലീല്‍ ജിബ്രാനെ എനിക്ക് പരിചയപ്പെടുത്തുമ്പോള്‍ ഇടയ്ക്കിടെ നിന്റെ വാക്കുകള്‍ വികാരാവേശം കൊണ്ട് മുറിഞ്ഞിരുന്നു. "എന്താ ജിബ്രാന്‍ ആവേശിച്ചോ " എന്ന് ഞാന്‍ കളിയാക്കിയപ്പോള്‍ നീ പറഞ്ഞത് ഇന്നത്തെപ്പോലെ ഓര്‍ക്കുന്നൂ " നീ കളിയാക്കണ്ടാ ,ജിബ്രാന് തുല്യന്‍ ജിബ്രാന്‍ മാത്രം .ഞാന്‍ ഞാനും. എനിക്കൊരിക്കലും ജിബ്രാനോ മറ്റാരെങ്കിലുമോ ആവാനാകില്ല. എനിക്ക് ജീവിതത്തില്‍ മാതൃകകളില്ല. എന്നാല്‍ എന്റെ കുറെ ജീവിതാനുഭവങ്ങള്‍ക്ക് എവിടെയെല്ലാമോ ജിബ്രാന്റെതുമായി സാദൃശ്യമുള്ളതായി തോന്നുന്നു..." കുട്ടിക്കാലത്ത് അനുഭവിക്കേണ്ടിവന്ന ദാരിദ്ര്യവും അമ്മയുമായുള്ള ആത്മബന്ധവുമാണ് നീ ഉദ്ദേശിച്ചതെന്നു മനസ്സിലായെങ്കിലും 'കാമുകിമാരുടെ എണ്ണത്തിലാകും സാദൃശ്യ ' മെന്നു ഞാനന്ന് നിന്നെ കളിയാക്കി.
നിനക്കും ജിബ്രാനും ഒരുപാട് സാദൃശ്യങ്ങളുന്ടെന്നു ഇപ്പോള്‍ എനിക്കും തോന്നുന്നു.
മേസിയാദയെയും , ജിബ്രാനെയും പോലെ ഒരിക്കലും പരസ്പരം കാണാതിരുന്നാല്‍ മതിയായിരുന്നു നമുക്കും എന്ന് ഞാന്‍ ഇപ്പോള്‍ ആഗ്രഹിച്ചുപോകുന്നു . പരസ്പരം കൂടുതലറിഞ്ഞതാണോ നമുക്കിടയിലെ പ്രശ്നം ?!

Saturday, July 10, 2010

നളചരിതം നാലാം ദിവസം...

"എന്‍ കാന്തനെന്നോടുണ്ടോ വൈരം ,
ഇല്ലെന്നിരിക്കില്‍ എന്തേ തുടങ്ങീ ഇപ്രകാരം ....."

കലാമണ്ഡലം ശങ്കരന്‍ എംബ്രാന്തിരിയും വെണ്മണി ഹരിദാസും ലയിച്ചുപാടുന്നൂ ...നളചരിതം നാലാം ദിവസം , "നൈഷധന്‍ ഇവന്‍ താന്‍ ..." എന്ന പദം .

നീ ഓര്‍ക്കുന്നുവോ ഞാന്‍ നിനക്കു നള-ദമയന്തി കഥ പറഞ്ഞു തന്നത് ... വാരാന്ത്യങ്ങളില്‍ പതിവുള്ള ലക്ഷ്യമില്ലാത്ത ഡ്രൈവിങ്ങിനിടയിലെപ്പോഴോ ആയിരുന്നു നമ്മുടെ ചര്‍ച്ച നളചരിതത്തില്‍ എത്തിയത്.  ബീച്ചില്‍ എത്തിയപ്പോഴും നമ്മള്‍ ഋതുപര്‍ണ്ണ മഹാരാജാവിന്റെ കൊട്ടാരത്തില്‍ ,ബാഹുകനായി വേഷപ്രച്ഛന്നനായി കഴിയുന്ന നളന്റെയും,പ്രിയതമന്‍ എവിടെയാണെന്നുപോലുമറിയാതെ വേദനിച്ചു കഴിയുന്ന ദമയന്തിയുടെയും ഒപ്പമായിരുന്നു . തിരവന്നു കാലില്‍ തഴുകി മടങ്ങുമ്പോഴും നമുക്കതൊന്നും ആസ്വദിക്കാനായില്ല. അന്ന് ദമയന്തിയെ കാട്ടിലുപേക്ഷിച്ച നളനെ ഒരുപാട് ചീത്തപറഞ്ഞ നിനക്ക് ഇന്നെന്റെ ദുഃഖം കാണാനാവാത്തതെന്തേ ?!

ഇന്ന് ദമയന്തിയുടെ ഈ വരികള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തന്നെയല്ലേ വിലപിക്കുന്നതെന്നു തോന്നിപ്പോകുന്നു .

"എന്‍ കാന്തനെന്നോടുണ്ടോ വൈരം ,
ഇല്ലെന്നിരിക്കില്‍ എന്തേ തുടങ്ങീ ഇപ്രകാരം ....."

Friday, July 9, 2010

റൂമി പാടുന്നു ...

ഇന്ന് ജലാലുദ്ദീന്‍ റൂമിയെ പരിഭാഷപ്പെടുത്തുമ്പോള്‍ എന്റെ മുന്നില്‍ വന്ന കവിതാ ശകലം എന്നെ അത്ഭുതപ്പെടുത്തി ...അദ്ദേഹം എന്നോടായി പറയുന്നതുപോലെ !!

"പ്രിയേ,എന്തിനു
ലാഭ നഷ്ടങ്ങളുടെ കണക്കെടുക്കുന്നു ?
കഴിഞ്ഞ കാലത്തെ ചൊല്ലി
എന്തിനീ വ്യാകുലത?

വിവേകികള്‍ നഷ്ടങ്ങളെയോര്‍ത്തു
ദു:ഖിതരാകാറില്ല.
നദിയില്‍ ഒഴുകിയ ജലത്തെ
ആര്‍ക്കാണ് മടക്കികൊണ്ടുവരാന്‍
കഴിയുക!

ജീവിതം ചിലപ്പോള്‍ സന്തോഷകരം ,
ചിലപ്പോള്‍ കുത്തിയൊഴുകുന്ന
മലിനജലം പോലെയും .
തെളിവെള്ളവും ,ചെളിവെള്ളവും
അതിവേഗം ഒഴുകി മറയുന്നു..."

ശരിയാണ് , ചിലപ്പോള്‍ തോന്നുന്നു എന്റെ ഈ ആകുലത അനാവശ്യമാണെന്ന് . ആത്മാവുകള്‍ തമ്മില്‍ ലയിച്ചു ചേര്‍ന്നവര്‍ നമ്മള്‍ . പിന്നെ എങ്ങിനെയാണൊരു വേര്‍പിരിയല്‍ സാധ്യമാകുന്നത് ! തെറ്റ് എന്റേത് തന്നെയാണോ ...ഞാന്‍ നമ്മുടെ പ്രണയത്തെ വെറും ശരീരങ്ങള്‍ തമ്മിലുള്ള ആകര്‍ഷണം മാത്രമായി കണ്ടുപോയോ ! എനിക്കൊന്നും മനസ്സിലാകുന്നില്ല ...

Thursday, July 8, 2010

നഷ്ടപ്പെട്ടുവെന്നു ചൊല്ലാന്‍ വയ്യ...

ഈ പാതിരാവിലും എന്റെ റെകോഡ്പ്ലെയറില്‍ നിന്നും അരുണ സായ്റാമിന്റെ പാട്ടൊഴുകുന്നൂ ,അതേ രേവതി രാഗത്തില്‍ . അന്നത്തെപോലെ ഇന്നും എന്റെ ഹൃദയം വിങ്ങുന്നൂ ...അന്നു പ്രണയത്തിന്റെ വിങ്ങല്‍ ,ഇന്നോ ...
പ്രണയ നഷ്ടത്താല്‍ എന്ന് പറയാന്‍ എനിക്കു വയ്യ ...നിന്നെ നഷ്ടപ്പെട്ടുവെന്നു ചൊല്ലാന്‍ എനിക്കാവുന്നില്ല . നീ എപ്പോഴും ചൊല്ലാറില്ലേ നമ്മള്‍ ജന്മങ്ങള്‍ക്കു മുന്‍പേ ഒന്നായലിഞ്ഞവര്‍ എന്ന്... പിന്നെങ്ങിനെ നിനക്കെന്നില്‍ നിന്നും അകലാനാകുന്നു !!

Wednesday, July 7, 2010

പ്രണയം പിടിച്ചുവാങ്ങേണ്ടതല്ല

നിനക്കെന്നോടുള്ള പ്രണയം മടുത്തു എങ്കില്‍ , നീ മറ്റൊരു ഹൃദയം തേടി യാത്രയായി എങ്കില്‍ ഞാന്‍ നിന്നെ പിന്‍വിളിക്കില്ല . പ്രണയം പിടിച്ചുവാങ്ങേണ്ടതല്ല എന്ന് നീ തന്നെയല്ലേ എന്നെ പഠിപ്പിച്ചത് ... അത് നമ്മള്‍ പോലും അറിയാതെ സംഭവിച്ച ഒരു അലിഞ്ഞു ചേരലായിരുന്നല്ലോ...

ആത്മാവ് ആത്മാവില്‍ ഇടിച്ചിങ്ങുമ്പോഴുണ്ടാകുന്ന വേദനയെപ്പറ്റി നീ ഒരുപാടെഴുതിയല്ലോ . എന്നിട്ടും....

നിനക്കതെല്ലാം വായനക്കാരെ തൃപ്തിപ്പെടുത്താനുള്ള വെറുംവാക്കുകള്‍ മാത്രമായിരുന്നെന്നോ ?!!

കുയിലിന്റെ പാട്ടിലും വിരഹം !!!

ഇന്നും മഴയില്‍ കുതിര്‍ന്ന പ്രഭാതത്തില്‍ ആ കുയില്‍ കൂവി...എന്റെ ഹൃദയം തുണ്ടം തുണ്ടമായി കീറി മുറിച്ചുകൊണ്ട്...
പ്രഭാതങ്ങളില്‍ എന്റെ ഫോണ്‍ വരുന്നതും കാത്ത് നീ കണ്ണുതുറക്കാതെ കിടന്നിരുന്ന ആ കാലം ...
നിനക്ക് നിര്‍ബന്ധമുണ്ടായിരുന്നു ഓരോ ദിവസവും തുടങ്ങുന്നത് എന്റെ ശബ്ദത്തിലൂടെയാകണമെന്ന്. ഇവിടെ കൂവുന്ന കുയിലിന്റെ പാട്ട് അങ്ങുദൂരെ ഇരിക്കുന്ന നീയും കേട്ടാലെ അതിനു പൂര്‍ണ്ണത വരൂ എന്നു നമ്മള്‍ കരുതിയിരുന്നു. അവിടെ ഒരു കുട്ടുറുവന്‍ ചിലച്ചാല്‍ , ഒരു ചെങ്ങാലിപ്രാവ് കുറുകിയാല്‍ അതെന്നെ കേള്‍പ്പിച്ചില്ലെങ്കില്‍ അതിനു മാധുര്യം ഉണ്ടാകില്ലെന്നു നീ പറഞ്ഞിരുന്നു ...
ഇന്ന് കുയിലിന്റെ പാട്ടിലും വിരഹം !!! തന്നെ എകയാക്കി പറന്നകന്ന ഇണക്കിളിയെ കുറിച്ചുള്ള പാട്ടാണോ ആവോ അവളും പാടുന്നത് ...

Tuesday, July 6, 2010

രാത്രിമഴ ....

രാത്രിമഴ കനത്തു പെയ്യുന്നു , എന്റെ മിഴികളും... രാത്രിമഴയെ നീ ഏറെ പ്രണയിച്ചിരുന്നു . നിനക്കോര്‍മ്മയില്ലേ , അങ്ങ് ദൂരെയിരുന്നു നീയും ഇവിടെയിരുന്നു ഞാനും രാമഴയെ ഒന്നായി അനുഭവിച്ചിരുന്ന ആ നല്ല കാലം ? അന്ന് നീ ഫോണിലൂടെ ചൊല്ലിയിരുന്നു നിന്റെ പ്രണയമാണ് ഈ രാമഴ എന്ന് ...ഞാനതില്‍ മുങ്ങി നനഞ്ഞങ്ങിനെ നിര്‍വൃതിയടഞ്ഞിരുന്നു . ഇന്നും രാത്രിമഴ കനത്തു പെയ്യുന്നു , നിന്നോടുള്ള പ്രണയത്താല്‍ ഉള്ളുവിങ്ങി ഞാനും . പക്ഷെ നീ മാത്രം എന്നില്‍ നിന്നും ഒരുപാട് ദൂരെ !!
നീ ഒരിക്കല്‍ പറഞ്ഞവാക്കുകള്‍ ഞാനിവിടെ കടമെടുക്കട്ടെ ..."കാലം മാറിയില്ലേ എന്ന് പറയുന്നതില്‍ അര്‍ഥമില്ല ,മാറുന്നത് കാലമല്ല . നമ്മളാണ് , നമ്മുടെ മനസ്ഥിതിയാണ് ..."
അന്ന് നീ പറഞ്ഞതെത്ര സത്യം . കാലമല്ല ,മാറിയത് നിനക്കെന്നോടുള്ള പ്രണയമാണ് ... പ്രിയനേ , നീ എല്ലാം എത്ര വേഗം മറന്നു !!

ഞാനെങ്ങിനെയാണ് നിനക്ക് ആരുമല്ലാതായത് ?!

നീ എനിക്കായി മാത്രം സൂക്ഷിച്ചുവച്ച ആ പ്രണയത്തിന് ഇന്നെന്തു പറ്റീ ?! എന്നാണ് നിനക്ക് എന്റെ പ്രണയത്തിന് സുഗന്ധം പോരാ എന്ന്തോന്നിത്തുടങ്ങിയത്?ഞാനും നീയും എന്ന ദ്വന്തമില്ല , നമ്മള്‍ എന്ന എകത്വമേയുള്ളൂ എന്ന് നീ എപ്പോഴും പറയാറുള്ളതല്ലേ...എന്നിട്ടും നീ എന്തിനായിരുന്നു നിന്റെ ഹൃദയത്തില്‍ നിന്നും എന്നെ അടര്‍ത്തി മാറ്റിയത്?
എന്റെ ഉള്ളൊന്നു പിടഞ്ഞാല്‍ , കരളൊന്നു കലങ്ങിയാല്‍ നിന്റെതും പിടഞ്ഞിരുന്നു ....കലങ്ങിയിരുന്നു....എന്നിട്ടും ഇന്നെന്റെ ഒച്ചയില്ലാ കരച്ചില്‍പോലും എന്തേ നീ അറിയുന്നില്ല ! എന്റെ ഓരോ നിനവുകളും പറയാതെ തന്നെ നീ അറിഞ്ഞിരുന്നു , ഇന്നോ ...എന്റെ ഹൃദയം കീറിപറിഞ്ഞു ചോരയൊലിപ്പിക്കുമ്പോഴും നീ എങ്ങോ ഇരിക്കുന്ന മറ്റേതോ ഹൃദയത്തെ തേടി അലയുന്നൂ !! പ്രിയനേ , ഒന്ന് പറഞ്ഞു തരൂ ...ഞാനെങ്ങിനെയാണ് നിനക്ക് ആരുമല്ലാതായത് ??